ദുബായ്: വിസിറ്റ് വിസ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കി യുഎഇ. ഇതിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് മാത്രമല്ല ജിസിസി രാജ്യങ്ങളിലേക്കു തന്നെ പ്രവേശന വിലക്കേര്‍പ്പെടുത്തുമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസിറ്റ് വിസയിലെത്തിയ ശേഷം നിശ്ചിത സമയം കഴിഞ്ഞും രാജ്യത്തിന് പുറത്തുകടക്കാതെ അനധികൃതമായി യുഎഇയില്‍ തങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ശക്തമായ നടപടികളുമായി അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്.
ഓവര്‍ സ്റ്റേയില്‍ ഒളിച്ചോട്ട കേസുകള്‍ ഫയല്‍ ചെയ്യും
യുഎഇ ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരും തങ്ങള്‍ വഴി വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയ ശേഷം അനുവദിച്ചതില്‍ കൂടുതല്‍ സമയം താമസിക്കുന്ന വിനോദസഞ്ചാരികള്‍ക്കെതിരെ ഒളിച്ചോട്ട കേസുകള്‍ ഫയല്‍ ചെയ്യുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിസ കാലഹരണപ്പെട്ട് അഞ്ച് ദിവസത്തിനകം രാജ്യത്തിനു പുറത്തുകടക്കുന്നില്ലെങ്കില്‍, അത്തരക്കാര്‍ കരിമ്പട്ടികയില്‍ ഉള്പ്പെടുത്തപ്പെടുമെന്നും യുഎഇയിലേക്കോ ഏതെങ്കിലും ജിസിസി രാജ്യത്തിലേക്കോ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും അധികൃതര്‍ അറിയിച്ചതായി ചില ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവര്‍ ഉടന്‍ രാജ്യം വിടണമെന്ന് കാണിച്ച് ട്രാവല്‍ ഏജന്‍സികള്‍ ഓണ്‍ലൈന്‍ മുന്നറിയിപ്പുകളും നല്‍കിത്തുടങ്ങിയിട്ടുണ്ട്. പുതിയ നിയമം ഇതിനകം നടപ്പില്‍ വന്നതായും അധികൃതര്‍ അറിയിച്ചു.
പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
വിസ കാലാവധി കഴിഞ്ഞ ശേഷം മറ്റൊരു വിസയിലേക്ക് മാറാതെ അഞ്ച് ദിവസത്തിനകം രാജ്യത്ത് തങ്ങുന്നവരെയാണ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. അതു വരെ അവര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യില്ല. അതി ശേഷം ഇവരെ ഒളിച്ചോടിയവരായി കാണിച്ച് ട്രാവല്‍ ഏജന്‍സികള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പുതിയ രീതി. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ പേരുകള്‍ കരിമ്പട്ടികയിള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു എന്നല്ലാതെ എമിഗ്രേഷന്‍ അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കുകയോ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിപ്പ് നല്‍കുകയോ ചെയ്തിട്ടില്ല.
സന്ദര്‍ശകര്‍ തിരികെ പോയില്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് പിഴ
30 ദിവസമോ 60 ദിവസമോ കാലാവധിയുള്ള വിസിറ്റ് വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു സന്ദര്‍ശകനും തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിന് കീഴിലാണ് രാജ്യത്ത് കഴിയുന്നതെന്ന് റൂഹ് ടൂറിസം കമ്പനിയുടെ ഓപ്പറേഷന് ഡയറക്ടര്‍ ലിബിന് വര്‍ഗീസ് പറഞ്ഞു. കാലാവധി തീരുന്ന മുറയ്ക്ക് ഇവര്‍ പുറത്തുപോയില്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേയാണ് പോലിസ് നടപടി സ്വീകരിക്കുന്നത്. തങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കാലാവധി കഴിഞ്ഞ് രാജ്യത്ത് താമസിക്കുന്നവരുടെ കാര്യം അധികൃതരുടെ പക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒരു സന്ദര്ശകന് അധിക സമയം താമസിച്ചാല്‍ അധിക താമസത്തിനുള്ള പിഴ ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ഈടാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പിഴത്തുക സന്ദര്‍ശകരില്‍ നിന്ന് ഈടാക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 2000 ദിര്‍ഹം മുതല്‍ പിഴ
ഒരു ട്രാവല്‍ ഏജന്‍സി വഴി വന്ന വിനോദസഞ്ചാരികള്‍ കാലാവധി കഴിഞ്ഞും താമസിച്ചാല്‍ ഏജന്‍സികള്‍ നേരിടുന്ന പ്രശ്നം പിഴകള്‍ മാത്രമല്ല. അവരുടെ വിസ അപേക്ഷാ പോര്‍ട്ടലുകള്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നതായും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. നേരത്തെ, ഓവര്‍സ്റ്റേ പിഴകള്‍ നിലവിലെ ചാര്‍ജുകളേക്കാള്‍ കുറവായിരുന്നു. അധികമായി താമസിക്കുന്ന ഒരാള്‍ക്ക് പിഴയ്ക്കൊപ്പം രാജ്യം വിട്ടുപോകാന്‍ ഒരു ഔട്ട്പാസ് നേടണമെന്ന നിയമം ഏജന്‍സികള്‍ക്ക് വലിയ ഭാരമായി മാറിയിരിക്കുകയാണ്. കൂടാതെ ഒളിച്ചോട്ടം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഇത്തരവാദിത്തം തങ്ങളില്‍ നിക്ഷിപ്തരാണെന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികള്‍ പറയുന്നു. ഈ രീതിയില്‍ സന്ദര്ശകന് കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ ട്രാവല്‍ ഏജന്‍സികള്‍ അവര്‍ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്താല്‍ വിസ നല്കിയ ഏജന്റുമായോ സ്പോണ്സറുമായോ ബന്ധപ്പെട്ട് പിഴ അടയ്ക്കേണ്ടിവരുമെന്നും അധികൃതര്‍ അറിയിച്ചു. അതിനു ശേഷം മാത്രമേ അവര്‍ക്കെതിരേ ഉന്നയിക്കപ്പെട്ട അബ്സ്കോണ്ടിംഗ് കേസ് പിന്‍വലിക്കപ്പെടുകയുള്ളൂ. ഒളിച്ചോട്ട കേസുകളില്‍ ഏറ്റവും കുറഞ്ഞ പിഴ 2,000 ദിര്‍ഹം ആണെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. അധികമായി തങ്ങുന്ന ദിവസത്തിന്റെ തോത് അനുസരിച്ച് പിഴയും വര്‍ധിക്കും. ഒളിച്ചോട്ടം ക്രിമിനല്‍ കുറ്റമാണെന്നും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു.
അധിക കാലം തങ്ങിയാല്‍ വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടും
ഇങ്ങനെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താനുള്ള സംവിധാനം വിമാനത്താവളങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. പല സന്ദര്‍ശകരും അവരുടെ വിസ സാധുത നില അറിയാതെ കാലാവധി കഴിഞ്ഞും ഏതാനും ദിവസങ്ങള്‍ രാജ്യത്ത് കഴിയുകയും ചെയ്യുക പതിവാണ്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് ഇവര്‍ക്കെതിരേ ഒളിച്ചോട്ട കേസ് നിലനില്‍ക്കുന്നതായി അറിയുന്നത്. ഇവിടെ നിന്ന് പിഴ അടക്കേണ്ടിവരികയും യുഎഇയിലേക്കും ജിസിസി രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ കഴിയാത്ത രീതിയില്‍ നാടുകടത്തലിന് വിധേയമാവുകയും ചെയ്യുമെന്നും കിംഗ്സ്ലാന്‍ഡ് ട്രാവല്‍സിലെ സെയില്‍സ് മാനേജര്‍ റോബിന് പത്രോസ് പറഞ്ഞു. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഓരോ സന്ദര്‍ശകരും അവരുടെ സ്പോണ്സറുമായി നിരന്തരം ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.