ഏതൻസ്: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി 26 മരണം. 85 പേർക്ക് പരുക്കേറ്റു. ഏതൻസിൽ നിന്ന് തെസലോൻസ്കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസിലേക്ക് പോകുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിമുട്ടുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.
ട്രെയിനുകൾ തമ്മിലുളള ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ പാളം തെറ്റുകയായിരുന്നു. ഇതിൽ രണ്ടു ബോഗികൾ കത്തി നശിച്ചു. 350 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. ആദ്യം ഭൂകമ്പമാണെന്നാണ് കരുതിയതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരൻ പറഞ്ഞു.
രക്ഷാപ്രവർത്തനം കഠിനമായിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നു. ‘രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ തീവ്രത കണക്കിലെടുത്ത് യാത്രക്കാരെ ഒഴിപ്പിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു,’ അഗ്നിശമന സേനാ വക്താവ് വാസിലിസ് വർത്തകോഗിയാനിസ് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ യുവാവ് പറഞ്ഞു.