കേപ്ടൗണ്‍: അണ്ടർ 19 ലോകകപ്പിന്‍റെ കലാശപ്പോരിലും ഇന്ത്യന്‍ ദുരന്തം. ഇന്ത്യന്‍ കൗമാരപ്പടയെ 79 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയ നാലാം ലോകകിരീടം സ്വന്തമാക്കി. ഇതോടെ ഏകദിന ലോകകപ്പിനൊപ്പം കൗമാരപ്പടയുടെ ആറാം ലോകകിരീടമെന്ന ഇന്ത്യന്‍ സ്വപ്‌നവും പൊലിഞ്ഞു.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 43.5 ഓവറില്‍ 174 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി. ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിനും 50 റണ്‍സ് കടക്കാനായില്ല. 77 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ഓപ്പണര്‍ ആദര്‍ശ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി മഹ്‌ലി ബിയര്‍ഡ്മാന്‍, റാഫേല്‍ മക്മില്ലന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കാല്ലം വിഡ്‌ലര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.