Gulf

കുവൈറ്റിൽ ട്രാഫിക് പിഴകൾ കുത്തനെ കൂട്ടുന്നു; മൊബൈൽ ഉപയോഗിച്ചാൽ 300 ദിനാര്‍ പിഴ, നിർദേശങ്ങൾ ഇങ്ങനെ

Published

on

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ട്രാഫിക് പിഴകള്‍ കുത്തനെ കൂട്ടാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമങ്ങളില്‍ ഭേദഗതികള്‍ അവതരിപ്പിച്ചിരിക്കുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും അപകടകരമായ ഡ്രൈവിങ് കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമ ഭേദഗതി നിലവില്‍ വരുന്നതോടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ കുത്തനെ ഉയരും.

നിലവില്‍ മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനം ഓടിക്കുന്നവര്‍ക്ക് 500 ദിനാര്‍ പിഴ ഈടാക്കുന്ന സ്ഥാനത്ത് പുതിയ ഭേദഗതിയില്‍ 100 ദിനാര്‍ വരെ പിഴയാണ് ശിക്ഷയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനു പുറമെ, ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും. റെഡ് സിഗ്നല്‍ ലംഘിച്ച് വാഹനമോടിച്ചാല്‍ 500 വരെ ദിനാറാണ് പുതുതായി ഈടാക്കുക. നിലവില്‍ 300 ദിനാറാണ് ഇതിന് പിഴയായി ചുമത്തുന്നത്.

ഡ്രൈവിങ്ങിനിടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചാല്‍ മൂന്ന് മാസം തടവോ 300 ദിനാര്‍ പിഴയോ ആണ് പുതിയ നിയമഭേദഗതി മുന്നോട്ടുവയ്ക്കുന്നത്. വേഗപരിധി ലംഘിച്ചാല്‍ മൂന്ന് മാസത്തെ തടവോ 500 ദിനാര്‍ വരെ പിഴയോ ലഭിക്കും. നിലവില്‍ ഇതിന് 100 ദിനാര്‍ പിഴയാണ് ഈടാക്കുന്നത്. നിയമം ലംഘിച്ച് വാഹനത്തിന്റെ ഗ്ലാസ്സുകള്‍ക്ക് കളര്‍ ടിന്റ് നല്‍കിയാല്‍ രണ്ട് മാസം തടവോ 200 ദിനാര്‍ വരെ പിഴയോ ചുമത്തും. വാഹനത്തില്‍ നിയമവിരുദ്ധമായി സ്റ്റിക്കര്‍ പതിക്കുന്നവര്‍ക്കും ചിത്രങ്ങള്‍ വരയ്ക്കുന്നവര്‍ക്കും ഈ പിഴ ബാധകമാവും.

10 വയസ്സില്‍ താഴെയുള്ള കുട്ടിയെ മുന്‍സീറ്റില്‍ ഇരുത്തിയാല്‍ 100 മുതല്‍ 200 ദിനാര്‍ വരെ പിഴ ഉണ്ടാകും. കുട്ടികളെ ബാക്ക് സീറ്റിലെ കുട്ടികള്‍ക്കായുള്ള സീറ്റില്‍ ഇരുത്താതിരുന്നാലും പിഴ ബാധകമാവും. അഗ്‌നിശമന സേനാംഗങ്ങള്‍ക്കും ആംബുലന്‍സുകള്‍ക്കും പൊലീസിനും വഴി നല്‍കാതിരുന്നാല്‍ 250 മുതല്‍ 500 ദിനാര്‍ വരെ പിഴ ഈടാക്കും. കുട്ടികളോ വളര്‍ത്തുമൃഗങ്ങളോ വാഹനത്തില്‍ നിന്ന് തല പുറത്തേക്കിട്ടാല്‍ 75 ദിനാര്‍ പിഴയും ലഭിക്കും.



Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version