2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം ‘ജയിലറി’ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ജയിലറിന് സീക്വൽ ഒരുങ്ങാനുള്ള സാധ്യതയെക്കുറിച്ച് വ്യക്തമാക്കുന്നതായിരുന്നു. തലൈവരുടെ 172-ാം ചിത്രമായി ജയിലർ 2 ഒരുങ്ങുമെന്നാണ് വിവരം.
വിനായകന് അവതരിപ്പിച്ച വര്‍മനെ രജനിയുടെ മുത്തുവേല്‍ പാണ്ഡ്യന് ഇല്ലാതാക്കുന്നതായിരുന്നു ജയിലറിന്റെ ക്ലൈമാക്സ്. വര്‍മനെ പിന്തുണയ്ക്കുന്നവരുടെ മുത്തുവേല്‍ പാണ്ഡ്യനോടുള്ള പ്രതികാരമായിരിക്കും ജയിലര്‍ 2 എന്നാണ് പുറത്തെത്തുന്ന ചില റിപ്പോര്‍ട്ടുകള്‍. മറ്റൊരു കൗതുകകരമായ വിവരം നയന്‍താരയും ഈ ചിത്രത്തിന്റെ ഭാഗമായേക്കും എന്നതാണ്.
നയന്‍താര നായികയായ ‘കോലമാവ് കോകില’ എന്ന ചിത്രത്തിലൂടെയായിരുന്നു നെല്‍സന്റെ സംവിധാന അരങ്ങേറ്റം. ചിത്രത്തിലെ കോകില എന്ന കഥാപാത്രമായിത്തന്നെയാവും നയന്‍താര ജയിലര്‍ 2ല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത് ശരിയെങ്കില്‍ രജനിക്കൊപ്പം നയന്‍താര എത്തുന്ന ആറാമത് ചിത്രമായിരിക്കും ജയിലര്‍ 2. നയന്‍താരയുടെ പ്രാതിനിധ്യം വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന സാഹചര്യത്തില്‍ ഒരു സിനിമാറ്റിക് യൂണിവേഴ്സ് ഒരുക്കാനുള്ള നീക്കത്തിലാണോ നെല്‍സണ്‍ എന്ന സംശയം തമിഴ് സിനിമാപ്രേമികള്‍ പങ്കുവെക്കുന്നുണ്ട്.
അതേസമയം മോഹന്‍ലാലിന്റെ മാത്യു ജയിലര്‍ 2 ല്‍ ഉണ്ടാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും ഹിന്ദി താരം ജാക്കി ഷ്രോഫും കാമിയോ റോളുകളിലെത്തിയത് അതാത് പ്രദേശങ്ങളിലെ തിയേറ്ററുകളിൽ ആരവം തീർത്തിരുന്നു.
2023 ഓഗസ്റ്റ് 10-നാണ് ജയിലർ തിയേറ്ററുകളിൽ എത്തിയത്. ഓപ്പണിങ് കളക്ഷനായി 70 കോടി നേടിയ സിനിമ നാല് ദിവസം കൊണ്ട് രാജ്യത്ത് 300 കോടി നേട്ടമുണ്ടാക്കി. ഫാൻസ് ഷോകളോ സ്പെഷ്യൽ ഷോകളോ ഇല്ലാതെ തുടങ്ങിയിട്ടും തമിഴ്നാട്ടിൽ 20 കോടിക്കും മുകളിലായിരുന്നു ആദ്യദിന കളക്ഷൻ. ‘2.0’യ്ക്ക് ശേഷം ഏറ്റവും കളക്ഷൻ നേടുന്ന തമിഴ് സിനിമയും 2023ലെ ഏറ്റവും കളക്ഷൻ നേടിയ തമിഴ് സിനിമയും ജയിലർ ആണ്. 240 കോടി സിനിമയുടെ നിർമ്മാണ ചെലവ് കണക്കാക്കുന്ന ചിത്രം 650 കോടി നേടിയാണ് പ്രദർശനം അവസാനിപ്പിച്ചത്.