കുവൈത്ത് സിറ്റി: ഇന്ന് കോഴിക്കോട്-കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ബുധനാഴ്ച സര്‍വീസ് നടത്തുക. കോഴിക്കോട് നിന്ന് രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട വിമാനം 11.45നാണ് പുറപ്പെടുക. ഈ വിമാനം കുവൈത്തിൽ എത്തുമ്പോൾ 2.15 ആകും.
രാവിലെ ഒമ്പതിന് കോഴിക്കോട് നിന്നു പുറപ്പെട്ട് പ്രാദേശിക സമയം 11.40ന് കുവൈത്തിൽ എത്തുന്ന വിമാനമാണിത്. കോഴിക്കോട് നിന്ന് വിമാനം പുറപ്പെടാന്‍ വൈകുന്നതോടെ കുവൈത്തിൽ നിന്ന് തിരിച്ചുള്ള യാത്രയും വൈകും. ഉച്ചക്ക് 12.40ന് പതിവായി കുവൈത്തിൽ നിന്ന് പുറപ്പെടുന്ന വിമാനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25നാണ് പുറപ്പെടുക. ഇതോടെ രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം 11.45നാണ് എത്തുക.
എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിലും റദ്ദാക്കിയിരുന്നു. ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. സമരം മൂലം വിമാനത്താവളങ്ങൾക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രയും മുടങ്ങി. ഗൾഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വേറെയും.