Gulf

സൗദി ദേശീയ ദിനം ഇന്ന്; വിപുലമായ ആഘോഷപരിപാടികളിൽ രാജ്യം

Published

on

റിയാദ്: ഇന്ന് ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932 ല്‍ സൗദിയുടെ ഏകീകരണം പൂര്‍ത്തിയാക്കിയതിന്റ ഓര്‍മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.

സൗദിയിൽ താമസിക്കുന്ന എല്ലാവർക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആശംസ അറിയിച്ചു. ഇൻസ്റ്റ​ഗ്രാമിലൂടെയായിരുന്നു അറിയിച്ചത്. ‘സൗദി അറേബ്യയിൽ താമസിക്കുന്ന എല്ലാ ആളുകൾക്കും 93-ാം ദേശീയ ദിനാശംസകൾ. നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമി എന്നും സുസ്ഥിരവും ഐശ്വര്യവും നിറഞ്ഞതായിരിക്കട്ടെ, വികസനത്തിനും സമൃദ്ധിക്കും വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും അതിനായി ജീവിതം ബലിയർപ്പിക്കുകയും ചെയ്യട്ടെ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു’, കിരീടാവകാശി.

ഒരാഴ്ച മുമ്പ് തന്നെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് സൗദിയില്‍ തുടക്കമായിരുന്നു. ദേശീയ പതാകകളാലും ദീപാലങ്കാരങ്ങളാലും തിളങ്ങുകയാണ് സൗദി. വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാര്‍ന്ന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.13 നഗരങ്ങളിലായി ആകാശ വിസ്മയം ഒരുക്കുന്ന സൗദി റോയല്‍ ആര്‍മിയുടെ എയര്‍ഷോ ആണ് ഇതില്‍ പ്രധാനം.

നാവിക സേനയുടെ നേതൃത്വത്തില്‍ യുദ്ധക്കപ്പലുകള്‍ അണിനിരത്തിയുളള നാവിക പ്രദര്‍ശനവും പൊതുജനങ്ങള്‍ക്ക് വേറിട്ട കാഴ്ചാനുഭവമാണ് സമ്മാനിക്കും. ഭരണകര്‍ത്താക്കളും ആഘോഷ പരിപാടികളുടെ ഭാഗമാകും. വിവിധ കേന്ദ്രങ്ങളില്‍ സൈനിക പരേഡും അരങ്ങേറുന്നുണ്ട്. വ്യത്യസ്തമാര്‍ന്ന വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ‘ഞങ്ങള്‍ സ്വപ്‌നം കാണുന്നു, നേടുന്നു’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായുളള തിരക്ക് കണക്കിലെടുത്ത് ദുബായ് ആസ്ഥാനമായുളള എമിറേറ്റ്‌സ് എയര്‍ലൈന്‍ റിയാദിലേക്ക് മൂന്ന് അധിക വിമാന സര്‍വീസുകള്‍ ആരംഭിച്ചി‌ട്ടുണ്ട്. യാത്രക്കാര്‍ക്ക് ആഘോഷങ്ങളും അവധി ദിവസങ്ങളും പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച വരെ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയതെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version