Sports

ശ്രീകണ്ഠീരവയിലെ കണക്കുതീര്‍ക്കണം; ഇവാനും പിള്ളേരും ഇന്ന് ബെംഗളൂരുവിനെതിരെ

Published

on

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സതേണ്‍ ഡെര്‍ബി. ചിരവൈരികളായ ബെംഗളൂരു എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്‌സിയുടെ സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം.

ശ്രീകണ്ഠീരവയില്‍ കൊമ്പന്മാര്‍ ഇറങ്ങുമ്പോള്‍ കളിക്കളവും ഗാലറിയും തീപിടിക്കുമെന്നുറപ്പാണ്. ഒരു സതേണ്‍ ഡെര്‍ബിയുടെ വാശിയേറിയ പോരാട്ടം എന്നതിലുപരി ചില കണക്കുകള്‍ക്ക് പകരം വീട്ടാനും കൂടിയാണ് ഇവാനും സംഘവും ബെംഗളൂരു കോട്ടയില്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ബെംഗളൂരുവിനെതിരായ പ്ലേഓഫില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിവാദ ഫ്രീകിക്ക് ഗോളിനും തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കും ശേഷം ഇരുടീമുകളും ആദ്യമായാണ് ശ്രീകണ്ഠീരവയില്‍ നേര്‍ക്കുനേര്‍ വരുന്നത്.

2023 മാര്‍ച്ച് മൂന്നിനായിരുന്നു ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായ മത്സരം നടന്നത്. സുനില്‍ ഛേത്രി വിവാദ ഗോള്‍ നേടിയതിന് ശേഷം മത്സരം പാതി വഴിയില്‍ അവസാനിപ്പിച്ച് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും താരങ്ങളും മൈതാനം വിടുകയായിരുന്നു. തുടര്‍ന്ന് ക്ലബ്ബിനും കോച്ചിനും നേരിടേണ്ടിവന്ന ശിക്ഷാ നടപടികളെല്ലാം കഴിഞ്ഞ് 364 ദിവസങ്ങള്‍ക്ക് ശേഷമാണ് മഞ്ഞപ്പട ബെംഗളൂരുവിന്റെ തട്ടകത്തിലെത്തുന്നത്. സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചെങ്കിലും ശ്രീകണ്ഠീരവയില്‍ നേടുന്ന വിജയത്തിന് മാത്രമാണ് മധുരം കൂടുക.

എന്നാല്‍ ശ്രീകണ്ഠീരവയില്‍ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ വിജയിക്കാനായിട്ടില്ല എന്നത് ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കുന്ന കണക്കാണ്. ബെംഗളൂരുവിന്റെ തട്ടകത്തില്‍ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ ഒരു തവണ പോലും ബ്ലാസ്‌റ്റേഴ്‌സിന് വിജയിച്ച് മടങ്ങാനായിട്ടില്ല. മികച്ച ഫോമിലും പ്രതീക്ഷയിലും കളിച്ച കഴിഞ്ഞ സീസണിലെ പ്ലേ ഓഫില്‍ വരെ ബ്ലാസ്റ്റേഴ്‌സിന് ശ്രീകണ്ഠീരവയില്‍ നിന്ന് കണ്ണീരണിഞ്ഞ് മടങ്ങേണ്ടിവരികയാണ് ഉണ്ടായത്.

ചരിത്രവും കണക്കുകളും ഛേത്രിപ്പടയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെങ്കില്‍ സീസണിലെ കാലാവസ്ഥ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമാണ്. 16 മത്സരങ്ങളില്‍ നിന്ന് 29 പോയിന്റുമായി നിലവില്‍ അഞ്ചാമതാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഛേത്രിയും സംഘവും. ഒന്‍പത് വിജയങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളപ്പോള്‍ നാല് മത്സരങ്ങളില്‍ മാത്രമാണ് ബെംഗളൂരുവിന് വിജയിക്കാനായത്.

എന്നാല്‍ സ്വന്തം കാണികള്‍ക്കുമുന്നില്‍ ഇറങ്ങുന്നതിന്റെ മുന്‍തൂക്കം കൂടാതെ കഴിഞ്ഞ മത്സരം വിജയിച്ചാണ് ബെംഗളൂരു ഇറങ്ങുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ രണ്ടിനെതിരെ ഒരു ഗോളിന്റെ വിജയമാണ് സുനില്‍ ഛേത്രിയും സംഘവും സ്വന്തമാക്കിയത്. അതേസമയം തിരിച്ചുവരവിന്റെ പാതയിലാണ് ബ്ലാസ്‌റ്റേഴ്‌സും. ഗോവയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ശേഷം നാല് ഗോളുകള്‍ തിരിച്ചടിച്ച് ആവേശ വിജയം സ്വന്തമാക്കിയാണ് മഞ്ഞപ്പടയുടെ കൊമ്പന്മാര്‍ അഭിമാനപ്പോരാട്ടത്തിന് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version