U.A.E

പെട്രോളിയം വേണ്ടാത്ത കാലം, അധികം കാത്തിരിപ്പ് വേണ്ട, യുഎഇയിൽ പുതിയ ച‍ർച്ചയ്ക്ക് തുടക്കമിടാൻ യൂറോപ്യൻ യൂണിയൻ

Published

on

ദുബായ്: പെട്രോളും ഡീസലും അടക്കമുള്ള ഫോസിൽ ഇന്ധനങ്ങൾ പൂ‍ർണമായി ഉപേക്ഷിച്ച് പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ചുവടുവെക്കാൻ യൂറോപ്യൻ യൂണിയൻ്റെ നി‍ർദേശം. യുഎഇയിൽ നടക്കാനിരിക്കുന്ന കോപ് 28 ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിടാനാണ് തീരുമാനം. ഇതുസംബന്ധിച്ച നയങ്ങൾക്ക് ഒക്ടോബർ മാസത്തോടെ അന്തിമരൂപമുണ്ടാക്കാനാണ് 27 രാജ്യങ്ങളുടെ കൂട്ടായ്മയായ ഇയുവിൻ്റെ തീരുമാനം. നവംബർ 30 മുതലാണ് ഈ വർഷത്തെ ഉച്ചകോടി നടക്കുന്നത്.

ഊർജ്ജമേഖല പൂർണമായും ഫോസിൽ ഇന്ധനങ്ങളിൽനിന്ന് മുക്തമാകണമെന്നും ഇതിനായി 2050 വരെ കാത്തിരിക്കരുതെന്നുമാണ് രേഖയിൽ വ്യക്തമാക്കുന്നത്. കാർബൺ ബഹിർഗമനം ഇല്ലാതെ തന്നെ ഊർജം ഉത്പാദിപ്പിക്കാൻ ഇപ്പോൾ തന്നെ നിരവധി മാർഗങ്ങളുണ്ടെന്നും യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പെട്രോളിയത്തെയും പ്രകൃതിവാതകത്തെയും ആശ്രയിച്ചു നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്ന് ഈ നിർദേശത്തോട് വലിയ എതി‍ർപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2025ഓടു കൂടി വൻതോതിൽ കാർബൺ ബഹിർഗമനം ഉയരുമെന്നും ഈ സാഹചര്യത്തിൽ പെട്രോളിയം ഉതപന്നങ്ങൾ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയവ പൂർണമായും ഒഴിവാക്കണമെന്നും കഴിഞ്ഞ ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ നി‍ർദേശിച്ചിരുന്നു. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുവഴി പരിസ്ഥിതിക്ക് ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടണമെന്നും ഇതിനായി പ്രത്യേകം ഫണ്ട് കണ്ടെത്തണമെന്നും യൂറോപ്യൻ യൂണിയൻ നിർദേശിച്ചിരുന്നു. ആഗോളതാപനിലയിൽ ഉണ്ടാകുന്ന വ‍ർധന 1.5 ഡിഗ്രി സെൽഷ്യസിൽ പിടിച്ചുനിർത്തുക എന്ന പാരിസ് ഉടമ്പടിയ്ക്ക് ഒപ്പമാണെന്നാണ് യൂറോപ്യൻ യൂണിയൻ നിലപാട്.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ക്രമേണ കുറയ്ക്കാനുള്ള നിർദേശത്തോട് എൺപതോളം ലോകരാജ്യങ്ങൾ അനുകൂല സമീപനം സ്വീകരിച്ചെങ്കിലും പെട്രോളിയം വിൽപന വഴി സമ്പദ്‍‍വ്യവസ്ഥ പിടിച്ചുനിർത്തുന്ന സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിർത്തു. ഫോസിൽ ഇന്ധനങ്ങളുടെ ആവശ്യകതയിലുള്ള വർധന ഇതിനോടകം ഏതാണ്ട് അവസാനിച്ച മട്ടാണെന്നും ഇവ പാടേ ഉപേക്ഷിക്കാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം വേണമെന്നുമാണ് യൂറോപ്യൻ യൂണിയൻ നയരേഖ വ്യക്തമാക്കുന്നത്. ഇതിനു പകരം ഭൂമിയെ ചൂടുപിടിപ്പിക്കാതെ ഊർജം ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യകൾക്കായി തുക നീക്കിവെക്കണമെന്നും അവ‍ർ വ്യക്തമാക്കുന്നു.

ഈ വർഷം നവംബർ, ഡിസംബർ മാസങ്ങളിൽ ദുബായിലെ എക്സ്പോ സിറ്റിയിൽവെച്ചാണ് കോപ് 28 ഉച്ചകോടി നടക്കുന്നത്. ഇതാദ്യമായാണ് യുഎഇ ഉച്ചകോടിക്ക് വേദിയാകുന്നത്. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾക്കും വികസ്വരരാജ്യങ്ങൾക്കും ഉച്ചകോടിയിൽ പ്രത്യേകം ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version