ദുബായ്: വരും ദിവസങ്ങളിൽ രാജ്യത്ത് മഴ കനയ്ക്കും എന്ന മുന്നറിയിപ്പുമായി ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ആഴ്ചത്തെ കനത്ത മഴയ്ക്ക് ശേഷം ആണ് അടുത്ത ആഴ്ചയും മഴ ഉണ്ടായിരിക്കും എന്ന പ്രവചനവുമായി ദുബായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 4 മുതൽ മാർച്ച് 6 വരെയാണ് കാറ്റും മഴയും പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ താമസക്കാരും, സ്വദേശികളും ജാഗ്രത പാലിക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്ന് എക്സിലൂടെ അറിയിച്ചു. തെക്കുപടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഒരു ഉപരിതല ന്യൂനമർദ്ദം ആയിരിക്കും യുഎഇയെ ബാധിക്കുക. പടിഞ്ഞാറ് നിന്നുള്ള തണുത്ത കാറ്റ് രാജ്യത്തിന്റെ പല ഭാഗത്തും വീശി അടിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മേഘാവൃതം വർദ്ധിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിയും മിന്നലും ഉൾപ്പടെ പല സ്ഥലങ്ങളിലും മഴ ഉണ്ടായിരിക്കും.
എന്നാൽ ബുധനാഴ്ച അൽപ്പം തെളിഞ്ഞ കാലാവസ്ഥയായിരിക്കും. അതിനാൽ തെക്ക് ഭാഗങ്ങളിൽ താപനില കുറയും. ഈ ദിവസം ശക്തമായ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. പൊടിക്കാറ്റ് ആയതിനാൽ ദൃശ്യപരിതി കുറയും. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.
അറബിക്കടലിലെയും ഒമാൻ കടലിലെയും മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കാൻ ആണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
അതേസയം, കഴിഞ്ഞ ദിവസം യു.എ.ഇയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെെടുത്തി. റാസൽഖൈമയിലെ ജബൽ ജെയ്സിലാണ് താപനില രേഖപ്പെടുത്തിയത്. 2.4 ഡിഗ്രി സെൽഷ്യസ് ആണ് കഴിഞ്ഞ ദിവസത്തെ താപനില. മറ്റു പർവത മേഖലകളിലും കുറഞ്ഞ താപനില തന്നെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഫുജൈറയിലെ മബ്രിഹ് പർവത മേഖലയിൽ 5.2 ഡിഗ്രി സെൽഷ്യസും റാസൽഖൈമയിലെ ജബൽ റഹ്ബയിൽ 5.5 ഡിഗ്രിയുമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.
വെള്ളിയും ശനിയും രാജ്യത്തിൻരെ വിവിധ ഭാഗങ്ങളിൽ ചെറിയ തേതിൽ മഴ പെയ്തിരുന്നു. മേഘാവൃതമായ കാലാവസ്ഥയായിരുന്നു. അൽ ഐനിൽ ആലിപ്പഴ വർഷത്തിന് സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആദ്യം തന്നെ പുറത്തിറക്കിയിരുന്നു. ആവശ്യമായ മുൻകരുതൽ നടപടികളും സ്വീകരിക്കണം. കേടുപാടുകൾ സംഭവിക്കുന്നത് തടയാനായി വാഹനങ്ങൾ മൂടിയിടണം തുടങ്ങിയ മുന്നറിയിപ്പുകൾ നൽകണം.