ദോഹ: പ്രവാസി വീട്ടമ്മ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ ഖത്തറില്‍ നിര്യാതരായി. ഗുരുവായൂര്‍ സ്വദേശി ശഹ്‌റു കബീര്‍, നാദാപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി, പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം എന്നിവരാണ് മരിച്ചത്.
ദോഹയില്‍ ജോലി ചെയ്യുന്ന പികെ കബീറിന്റെ ഭാര്യ ശഹ്‌റു കബീര്‍ (50) അര്‍ബുദം ബാധിച്ച് ഒരു വര്‍ഷത്തോളമായി ചികില്‍സയിലായിരുന്നു. നടപടിക്രമം പൂര്‍ത്തിയാക്കിയ ശേഷം ഇന്നുതന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഫര്‍സാന്‍ കബീര്‍, ദില്‍വര്‍ ഹന്ന എന്നിവര്‍ മക്കളാണ്.
ദോഹയില്‍ ചികില്‍സയില്‍ കഴിയവെയാണ് കോഴിക്കോട് നാദാപുരം വിലാതപുരം സ്വദേശി അബ്ദുല്‍ സമദ് ചെമ്മേരി മരണപ്പെട്ടത്. 48 വയസ്സായിരുന്നു. ഖത്തറില്‍ നീതിന്യായ മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് ഹമദ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഖത്തര്‍ കുറ്റ്യാടി മണ്ഡലം കെഎംസിസി അംഗമായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
പത്തനംതിട്ട ചിറ്റൂര്‍ സ്വദേശി അനീഷ് സലീം (36) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. ലുസൈലിലെ സ്വകാര്യ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കെഎംസിസി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്‍സിയയാണ് ഭാര്യ.