Gulf

സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗില്‍ നാളെ മൂന്നു കളികള്‍

Published

on

ജിദ്ദ: ജിദ്ദയിലെ പ്രവാസികളുടെ വാരാന്ത്യ അവധിദിനങ്ങളെ സോക്കര്‍ ആവേശത്തിന്റെ ഉത്തുംഗതയിലേക്ക് ഉയര്‍ത്തുന്ന സിഫ് ഈസ് ടീ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം ദിനമായ നാളെ വസീരിയ അല്‍ തആവുന്‍ സ്റ്റേഡിയത്തില്‍ മൂന്നു മത്സരങ്ങള്‍ അരങ്ങേറും.

വൈകീട്ട് 6.30ന് ആരംഭിക്കുന്ന ആദ്യ ബി ഡിവിഷന്‍ മത്സരത്തില്‍ എന്‍ കംഫര്‍ട്ട് എസിസി ബി ടീം എഫ്‌സി ഖുവൈസയെയും 7.45ന് ആരംഭിക്കുന്ന രണ്ടാമത് ബി ഡിവിഷന്‍ മത്സരത്തില്‍ സൈക്‌ളോണ്‍ മൊബൈല്‍ ആക്‌സസറീസ് ഐടി സോക്കര്‍ സഫിയ ട്രാവല്‍സ് യാസ് എഫ്‌സിയെയും നേരിടും. രാത്രി ഒമ്പത് മണിക്കാണ് മൂന്നാം മല്‍സരം. എ ഡിവിഷനില്‍ എന്‍ കംഫര്‍ട്ട് എസിസി എ ടീമും കഫാത്ത് അല്‍അറബിയ യാമ്പു എഫ്‌സിയും ഏറ്റുമുട്ടും.

മുന്‍ എഫ്‌സി കേരള താരം ആസിഫ്, ജിദ്ദയിലെ ഫുട്ബാള്‍ പ്രേമികളുടെ ഇഷ്ടതാരം ഇമാദ് ഷംലാന്‍, എംഇഎസ് മമ്പാട് കോളേജ് സ്‌ട്രൈക്കര്‍ സനൂപ് ചെവിടികുന്നന്‍ എന്നിവരടങ്ങിയ മികച്ച താരനിരയുമായാണ് എസിസി എഫ്‌സി കളത്തിലിറങ്ങുന്നത്. മറുവശത്ത് മുന്‍ ഗോകുലം എഫ്‌സി, കൊല്‍ക്കത്ത ലീഗ് താരം മുഹമ്മദ് ആസിഫ്, കോവളം എഫ്‌സിയുടെ സുധീഷ്, ഡല്‍ഹി യുനൈറ്റഡിന്റെയും ബാസ്‌കോ ക്ലബ്ബിന്റെയും കളിക്കാരനായ സയ്യിദ് റാഷീദ്, ബാംഗ്ലൂര്‍ യുനൈറ്റഡ് ടീമംഗം ജിപ്‌സണ്‍ ജസ്റ്റസ്, എഫ്.സി കൊണ്ടോട്ടി ടീമിലെ മിഡ് ഫീല്‍ഡര്‍ കണ്ണന്‍, സ്‌ട്രൈക്കര്‍ രാമന്‍ തുടങ്ങിയ വമ്പന്‍മാര്‍ യാമ്പു എഫ്‌സിക്കായി ബൂട്ടണിയുന്നുണ്ട്.

സിഫില്‍ രജിസ്റ്റര്‍ ചെയ്ത ജിദ്ദക്ക് പുറത്തുനിന്നുള്ള ഏക ടീമാണ് യാമ്പു എഫ്‌സി. നേരത്തെ മക്ക എഫ്‌സി രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത്തവണ ഉള്‍പ്പെടുത്താനായിട്ടില്ലെന്ന് സിഫ് ഭാരവാഹികള്‍ അറിയിച്ചു. കാണികളില്‍ നിന്ന് ഭാഗ്യ നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ജീപാസ് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version