Gulf

സംഭാവനപ്പെട്ടി മോഷ്ടിച്ച മൂന്ന് പ്രവാസികളും ജ്വല്ലറി തട്ടിപ്പ് നടത്തിയ ഒമാനി വനിതയും പിടിയില്‍

Published

on

മസ്‌കത്ത്: സംഭാവനപ്പെട്ടി മോഷ്ടിച്ച മൂന്ന് പ്രവാസികളെയും ജ്വല്ലറി തട്ടിപ്പ് നടത്തിയ ഒമാനി വനിതയേയും റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ ബര്‍ക്ക പ്രവിശ്യയില്‍ നിന്ന് സംഭാവനപ്പെട്ടി മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് മൂന്ന് ഏഷ്യന്‍ വംശജരെ അറസ്റ്റ് ചെയ്തത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനാ തുകയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് വിഭാഗമാണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.

വഞ്ചനാക്കുറ്റം ആരോപിച്ച് മസ്‌കത്ത് ഗവര്‍ണറേറ്റിലെ പോലീസ് കമാന്‍ഡ് ഒരു സ്വദേശി വനിതയേയും അറസ്റ്റ് ചെയ്തു. വ്യാജ ഇന്‍വോയ്‌സുകള്‍ ഉപയോഗിച്ച് ഒരു ജ്വല്ലറിയില്‍ നിന്ന് പ്രതി നിരവധി തവണ ആഭരണങ്ങള്‍ വാങ്ങുകയായിരുന്നു. പ്രതിയില്‍ നിന്ന് ആഭരണങ്ങളും പണവും പോലീസ് പിടിച്ചെടുത്തു. പ്രതിക്കെതിരായ നിയമനടപടികള്‍ നടന്നുവരുന്നു.

മണി എക്‌സ്‌ചേഞ്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏതാനും അറബ് വംശജരെയും അറസ്റ്റ് ചെയ്തു. സൗത്ത് അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ പോലീസ് കമാന്‍ഡുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.

സുഹാറില്‍ പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന വിധത്തില്‍ കൂട്ടംചേര്‍ന്ന് വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഏഷ്യന്‍ രാജ്യക്കാരായ 10 പേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ പോലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

രണ്ടു ദിവസം മുമ്പ് ഒമാനിലെ വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സഹം പ്രവിശ്യയില്‍ മോഷണം നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയിലായിരുന്നു. സഹമിലെ അഞ്ച് വാണിജ്യ സ്റ്റോറുകളിലും മസ്‌കറ്റ് ഗവര്‍ണറേറ്റിലെ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലും മോഷണം നടത്തിയ കേസിലാണ് രണ്ടു അറബ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. വടക്കന്‍ അല്‍ ബാത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡും മസ്‌കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡും സംയുക്തമായാണ് ഇരുവരെയും പിടികൂടിയതെന്നും ഇവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തികരിച്ചുവെന്നും റോയല്‍ ഒമാന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനും അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെയാണ് അറസ്റ്റ് ചെയ്തത്. ഇബ്രി പ്രവിശ്യയിലെ ഒരു വസതി കേന്ദ്രീകരിച്ചായിരുന്നു പൊതുധാര്‍മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തുവന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version