യുഎഇ: ഹെെദരാബാദിൽ നിന്നും ദുബായിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം എത്തിയത്. മെയിൽ ലഭിച്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതര്‍ സജീവമായി പരിശോധന ആരംഭിച്ചു.
AI951 ഹൈദരാബാദ്- ദുബായ് വിമാനം ഹൈജാക്ക് ചെയ്യും. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ആയിരിക്കും വിമാനം ഹെെജാക്ക് ചെയ്യുന്നത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരനാണ് ഈ യാത്രക്കാരൻ എന്നാണ് സന്ദേശത്തിൽ പറയുന്നത്.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇമെയിൽ ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസും എയര്‍പോര്‍ട്ട് അധികൃതരും പരിശോധന തുടങ്ങി.
സുരക്ഷ ഉറപ്പാക്കി കൊണ്ട് ആണ് പരിശോധന ആരംഭിച്ചത്. ഇ മെയിലില്‍ പറഞ്ഞിരിക്കുന്ന യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തു. ഇത് കൂടാതെ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ ചോദ്യം ചെയ്തു. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നിറക്കി വീണ്ടും പരിശോധിച്ചു. വിമാനത്തിലും വിശദമായ പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല.
മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പൊലീസിന് കൈമാറി. പിന്നീട് യാത്രക്കാര്‍ക്ക് മറ്റൊരു വിമാനത്തില്‍ പോകാനുള്ള സംവിധാനം ഏർപ്പെടുത്തി. എയര്‍പോര്‍ട്ട് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജ സന്ദേശമായിരുന്നുവെന്ന് തെളിഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷദമായ അന്വേഷണം പുരോഗമിക്കുകയാണ്.