Gulf

ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് ഇന്നു മുതല്‍ മക്കയില്‍ പ്രവേശനമില്ല; നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന

Published

on

ജിദ്ദ: ഇന്നു മുതല്‍ മക്കയിലും പരിസര പ്രദേശങ്ങളിലും പ്രവേശനാനുമതി ഹജ്ജ് പെര്‍മിറ്റ് ഉള്ളവര്‍ക്കു മാത്രം. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സുരക്ഷിതവും സുഗമവുമായ ഹജ്ജ് തീര്‍ഥാടനത്തിന് സൗകര്ം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രവേശന നിരോധനം കര്‍ശനമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

ഹിജ്‌റ മാസം ദുല്‍ഖഅദ 25 അഥവാ ജൂണ്‍ രണ്ട് മുതല്‍ ദുല്‍ ഹിജ്ജ 14 അഥവാ ജൂണ്‍ 20 വരെയുള്ള കാലയളവില്‍ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സൗദി പൗരന്മാര്‍, പ്രവാസികള്‍, സന്ദര്‍ശകര്‍ എന്നിവരുള്‍പ്പെടെ എല്ലാവര്‍ക്കും വിലക്കേര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. വിശുദ്ധ നഗരമായ മക്ക, സെന്‍ട്രല്‍ ഹറം ഏരിയ, മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍, റുസൈഫയിലെ ഹറമൈന്‍ റെയില്‍വേ സ്റ്റേഷന്‍, സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങള്‍, തീര്‍ഥാടക സംഘം താമസിക്കുന്ന ഇടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ മക്ക ഇഖാമയുള്ളവര്‍ക്കും പ്രത്യേക പെര്‍മിറ്റ് നേടിയവര്‍ക്കും ഇതില്‍ ഇളവുണ്ട്.

പരിശോധനകള്‍ ശക്തമാക്കി

നിരോധനം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി ഹജ്ജ് പെര്‍മിറ്റില്ലാത്തവരെ കണ്ടെത്താന്‍ മക്കയിലും പരിസരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മക്കയിലേക്കുള്ള ചെക്ക് പോയിന്റുകള്‍, റുസൈഫ റെയില്‍വേ സ്റ്റേഷന്‍, മക്ക നഗരം, ഹറം പരിസരം, സുരക്ഷ കേന്ദ്രങ്ങള്‍, സോര്‍ട്ടിംഗ് കേന്ദ്രങ്ങള്‍, ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമാക്കിയതായും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

ഹജ്ജ് പെര്‍മിറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ 10,000 റിയാല്‍ പിഴ ചുമത്തുകയും വിദേശികളെ രാജ്യത്തേക്ക് തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും ഇരട്ടിയാകും. കൂടാതെ ഹജ്ജ് പെര്‍മിറ്റില്ലാത്തവര്‍ക്ക് മക്കയിലേക്ക് യാത്ര സൗകര്യം ചെയ്തു കൊടുക്കുന്നവര്‍ക്കും 50,000 റിയാല്‍ വരെ പിഴയും ആറുമാസം വരെ തടവും ശിക്ഷ ലഭിക്കും. ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുകയും വിദേശികളായ നിയമലംഘകരെ തടവ് ശിക്ഷക്ക് ശേഷം തിരിച്ച് വരാനാകാത്ത വിധം നാടുകടത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

20,000ത്തിലേറെ വിസിറ്റ് വിസക്കാര്‍ അറസ്റ്റില്‍

അതിനിടെ, ഹജ്ജ് ചട്ടങ്ങള്‍ ലംഘിച്ച് മക്കയില്‍ തങ്ങിയ ഇരുപതിനായിരത്തിലേറെ സന്ദര്‍ശക വിസക്കാര്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസയിലുള്ളവരും മെയ് 23 അഥവാ ദുല്‍ഖഅദ 15 മുതല്‍ ജൂണ്‍ 21 അഥവാ ദുല്‍ ഹിജ്ജ 15 വരെ വിശുദ്ധ നഗരമായ മക്കയിലോ പരിസര പ്രദേശങ്ങളിലോ പ്രവേശിക്കാനോ അവിടെ തുടരാനോ പാടില്ലെന്ന് പൊതു സുരക്ഷാ വിഭാഗം നേരത്തേ അറിയിച്ചിരുന്നു. വിസിറ്റ് വിസയില്‍ രാജ്യത്ത് ഉള്ളവര്‍ക്ക് അതുപയോഗിച്ച് വാര്‍ഷിക ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ അര്‍ഹതയില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് മകക്കയില്‍ തുടര്‍ന്ന സന്ദര്‍ശകരാണ് പിടിയിലായത്.

വ്യാജ പരസ്യം; രണ്ടു പേര്‍ പിടിയിലായി

അതിനിടെ, സോഷ്യല്‍ മീഡിയ വഴി വ്യാജ ഹജ്ജ് സേവനങ്ങളെ കുറിച്ച് പ്രചാരണം നടത്തി ആളുകളെ വഞ്ചിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് ഈജിപ്ഷ്യന്‍ പൗരന്‍മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീര്‍ഥാടകര്‍ക്ക് താമസം, യാത്രാസൗകര്യം, ബലിതര്‍പ്പണം എന്നിവ വാഗ്ദാനം ചെയ്തായിരുന്നു പ്രചാരണം. ഇരുവരെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

ചിലവ് കുറഞ്ഞ ഹജ്ജ് യാത്രകള്‍ വാഗ്ധാനം ചെയ്തുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് വിശ്വാസികളെ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് ഓര്‍മിപ്പിച്ചു. അതത് രാജ്യങ്ങളിലെ ഹജ്ജ് ഓഫീസുകളുമായി ബന്ധപ്പെട്ട് ഹജ്ജ് വിസ നേടുകയോ, നുസുക് ആപ്പ് വഴി ഹജ്ജ് പെര്‍മിറ്റെടുക്കുകയോ ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം വ്യാജ പരസ്യങ്ങള്‍ നല്‍കി ആളുകളെ വഞ്ചിക്കുന്ന നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ ടോള്‍ ഫ്രീ നമ്പറായ 911 ലും മറ്റ് പ്രദേശങ്ങളിലെ 999 എന്ന നമ്പറിലും വിളിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് പൊതു സുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version