റിയാദ്: സൗദി ഭരണാധികാരി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവിന്റെ അതിഥികളായി ഈ വര്‍ഷം 1000 പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരം. 2024 ഉംറ സീസണില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് രാജാവിന്റെ ആതിഥേയത്വത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരമൊരുക്കാനാണ് നിര്‍ദേശം.
ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിങ് സല്‍മാന്‍ ഹജ്, ഉംറ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷം ഇത്രയും പേര്‍ക്ക് രാജാവിന്റെ ആതിഥേയത്വത്തില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കുന്നത്. അതിഥികളായി വരുന്ന തീര്‍ത്ഥാടകരുടെ ചെലവുകള്‍ പൂര്‍ണമായും രാജാവ് വഹിക്കും.
വിശിഷ്ട വ്യക്തികള്‍, പ്രമുഖ പണ്ഡിതര്‍, മതനേതാക്കള്‍, യൂനിവേഴ്സിറ്റി പ്രൊഫസര്‍മാര്‍, ഇസ്ലാമിക ലോകത്ത് സ്വാധീനമുള്ള പ്രമുഖ വ്യക്തികള്‍ അടക്കമുള്ളവര്‍ക്കാണ് രാജാവിന്റെ അതിഥികളായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരം ഒരുക്കുകയെന്ന് ഇസ്ലാമികകാര്യ മന്ത്രിയും പദ്ധതിയുടെ ജനറല്‍ സൂപ്പര്‍വൈസറുമായ ഷെയ്ഖ് ഡോ. അബ്ദുല്‍ ലത്തീഫ് ആലുശെയ്ഖ് പറഞ്ഞു.
സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇസ്‌ലാമിക ലോകത്തിന് നല്‍കുന്ന സേവനങ്ങള്‍ക്കും മുസ്ലിം സാഹോദര്യം ശക്തിപ്പെടുത്തുന്നതിനും ആശയവിനിമയം വളര്‍ത്തുന്നതിനും നല്‍കുന്ന പ്രതിബദ്ധതയക്കും ഇസ്ലാമികകാര്യ മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഇസ്ലാമിനെ സേവിക്കുന്നതിനും ഇസ്ലാമിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും തീവ്രവാദത്തെ ചെറുക്കുന്നതിനും സൗദി ഇസ്ലാമികകാര്യ മന്ത്രാലയത്തിന് വലിയ പിന്തുണ നല്‍കുന്ന രാഷ്ട്രഭരണാധികാരികള്‍ക്ക് ആലുശെയ്ഖ് കൃതജ്ഞത രേഖപ്പെടുത്തിയെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.