ഫൈനലിൽ സ്ഥാനമുറപ്പിച്ച സാഹചര്യത്തിൽ പ്ലേയിങ് ഇലവനിൽ വലിയ അഴിച്ചുപണിയുമായാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച 5 താരങ്ങളെയാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യ പുറത്തിരുത്തിയത്. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, മൊഹമ്മദ് സിറാജ്, ജസ്പ്രിത് ബുംറ, കുൽദീപ് യാദവ് എന്നിവർ ബെഞ്ചിലിരുന്നപ്പോൾ, സൂര്യകുമാർ യാദവ്, തിലക് വർമ, മൊഹമ്മദ് ഷമി, പ്രസിദ് കൃഷ്ണ, ഷർദുൽ താക്കൂർ എന്നിവർ പ്ലേയിങ് ഇലവനിലേക്കെത്തി.
ഒറ്റയടിക്ക് പ്ലേയിങ് ഇലവനിൽ ഇത്രത്തോളം മാറ്റങ്ങൾ വന്നത് ടീമിനെ മോശമായി ബാധിച്ചു. ബാറ്റിങ് ഓർഡറിലടക്കം മാറ്റങ്ങൾ വന്നത് താളം തെറ്റാൻ ഇടയാക്കി. കോഹ്ലി, ഹാർദിക്, കുൽദീപ്, ബുംറ എന്നീ സീനിയർ കളികാരെ ഒരുമിച്ച് പുറത്തിരുത്തിയ തീരുമാനം ഇന്ത്യയ്ക്ക് നേരെ തന്നെ തിരിഞ്ഞുകൊത്തി.
രോഹിത് ശർമയുടെ പരാജയം വിനയായി
ഏഷ്യാ കപ്പിൽ ഇക്കുറി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് രോഹിത് ശർമ. ആദ്യ നാല് കളികളിൽ മൂന്നിലും അർധസെഞ്ചുറി നേടിയിരുന്ന രോഹിതിൽ നിന്ന് മികച്ചൊരു ഇന്നിങ്സാണ് ബംഗ്ലാദേശിനെതിരെയും ഇന്ത്യ പ്രതീക്ഷിച്ചത്. എന്നാൽ നേരിട്ട രണ്ടാം പന്തിൽത്തന്നെ അദ്ദേഹം പുറത്തായി. അക്കൗണ്ട് പോലും തുറക്കാതെ രോഹിത് പുറത്തായത് ഇന്ത്യയ്ക്ക് കളിയിൽ വൻ തിരിച്ചടിയായി. രോഹിത് ആദ്യ ഓവറിൽത്തന്നെ ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തിയതോടെ ഇന്ത്യയുടെ തുടക്കം ദയനീയമായി. ഇത് കളിയിലുടനീളം ടീമിനെ ബാധിച്ചു.
മധ്യനിരയുടെ ദയനീയ പ്രകടനം
266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ മധ്യനിര ബാറ്റർമാർ ദയനീയ പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. മൂന്നാം നമ്പരിലിറങ്ങിയ തിലക് വർമ ഒൻപത് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. നാലാം നമ്പരിൽ കെ എൽ രാഹുൽ നേടിയത് 39 പന്തിൽ 19 റൺസ്. അഞ്ചാം നമ്പരിലെത്തിയ ഇഷാൻ കിഷനും ദയനീയമായി. 15 പന്തിൽ അഞ്ച് റൺസായിരുന്നു ഇഷാന്റെ സമ്പാദ്യം. സ്കൈ 26 റൺസിൽ പുറത്തായി ഒരിക്കൽക്കൂടി ആരാധകരെ നിരാശരാക്കി. ജഡേജയാകട്ടെ രണ്ടക്കം പോലും കണ്ടില്ല. മധ്യനിര ബാറ്റർമാരുടെ പരാജയം ഇന്ത്യയുടെ തോൽവിയിൽ വലിയൊരു കാരണമായി.
ആശ്വാസം ഗില്ലും അക്സറും മാത്രം
ഇന്ത്യ ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ കളിയിൽ അവർക്ക് ആശ്വാസം നൽകുന്നത് ശുഭ്മാൻ ഗില്ലിന്റെ കിടിലൻ സെഞ്ചുറിയും അക്സർ പട്ടേലിന്റെ പോരാട്ടവീര്യവുമാണ്. മറ്റ് മുൻ നിര ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയ കളിയിൽ ഉജ്ജ്വല സെഞ്ചുറിയാണ് ഗിൽ നേടിയത്. 133 പന്തുകൾ നേരിട്ട താരം എട്ട് ബൗണ്ടറികളുടെയും, അഞ്ച് സിക്സറുകളുടെയും സഹായത്തോടെ 121 റൺസാണ് നേടിയത്. ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ലെങ്കിലും താരത്തിന്റെ ഇന്നിങ്സ് വേറിട്ടുനിന്നു. അക്സർ പട്ടേലാണ് ഇന്ത്യൻ ബാറ്റിങിൽ തിളങ്ങിയ മറ്റൊരു താരം. 34 പന്തിൽ 42 റൺസെടുത്ത അക്സർ 49-ം ഓവർ വരെ ഇന്ത്യയ്ക്കായി പൊരുതി.
മത്സരം ചുരുക്കത്തിൽ
കളിയിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 265/8 എന്ന സ്കോറാണ് നേടിയത്. 80 റൺസെടുത്ത ക്യാപ്റ്റൻ ഷക്കീബ് അൽ ഹസനായിരുന്നു അവരുടെ ടോപ് സ്കോറർ. 54 റൺസ് നേടിയ ഹൃദോയും, 44 റൺസെടുത്ത നസും അഹമദും ബംഗ്ലാദേശ് ബാറ്റിങ്ങിൽ തിളങ്ങി. ഇന്ത്യയ്ക്കായി ഷർദുൽ താക്കൂർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
266 റൺസ് വിജയലക്ഷ്യം ചേസ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് ഓളൗട്ടായി. 121 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അക്സർ പട്ടേൽ 42 റൺസെടുത്തും പൊരുതി. ബംഗ്ലാദേശിനായി മുസ്താഫിസുർ റഹ്മാൻ മൂന്ന് വിക്കറ്റുകളെടുത്ത് തിളങ്ങി. 80 റൺസ് നേടിയതിനൊപ്പം ഒരു വിക്കറ്റും വീഴ്ത്തിയ ബംഗ്ലാ നായകൻ ഷകീബ് അൽ ഹസനാണ് കളിയിലെ കേമൻ.