Sports

കേരള ബ്ലാസ്റ്റേഴ്സിന് വലിയ ടെൻഷൻ സമ്മാനിച്ച് ഈ മൂന്ന് കാര്യങ്ങൾ; ആശങ്ക വർധിക്കുന്നു, മുംബൈക്കെതിരെ സംഭവിച്ചത്…

Published

on

ഇന്ത്യൻ സൂപ്പർ ലീഗ് ( Indian Super League ) ഫുട്‌ബോൾ 2023 – 2024 സീസണിലെ ആദ്യ എവേ പോരാട്ടം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിക്ക് ( Kerala Blasters F C ) കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. മുൻ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ് സിക്കെതിരെയായിരുന്നു ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യുടെ ആദ്യ എവേ പോരാട്ടം. മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ ശക്തമായി പോരാടിയെങ്കിലും 2 – 1 ന് മുംബൈ സിറ്റി എഫ് സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സി പരാജയപ്പെട്ടു. ബംഗളൂരു എഫ് സി, ജംഷഡ്പുർ എഫ് സി എന്നീ ടീമുകൾക്കെതിരായ ജയത്തിനു ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മുംബൈയിൽ എത്തിയത്.

മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനൊപ്പം മറ്റ് മൂന്ന് തിരിച്ചടികൾകൂടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് നേരിട്ടു. മത്സരത്തിനിടെ പരിക്കേറ്റ് രണ്ട് കളിക്കാരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് നഷ്ടപ്പെട്ടു. അതുപോലെ ഇഞ്ചുറി ടൈമിൽ കൈയ്യാങ്കളി നടന്നതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയുടെ ഒരു താരം ചുവപ്പ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളയ്ക്ക് ഐ എസ് എൽ പിരിഞ്ഞിരിക്കുകയാണ്. പരിക്കേറ്റ കളിക്കാർക്ക് ഒരുപക്ഷേ, തിരിച്ചെത്താനുള്ള അവസരം ലഭിച്ചേക്കും. രണ്ടാഴ്ചത്തെ ഇടവേളയ്ക്കായാണ് ഐ എസ് എൽ പിരിഞ്ഞത്. ഈ മാസം 21നാണ് ഐ എസ് എൽ ഇനി വീണ്ടും തുടങ്ങുക. അന്നേ ദിവസം ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ച് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത മത്സരം. ഈ സീസണിൽ ടീമിൻ്റെ മൂന്നാം ഹോം മത്സരം കൂടിയാണിത്.

മുംബൈ സിറ്റി എഫ് സിക്കെതിരായ മത്സരത്തിൽ 46 -ാം മിനിറ്റിൽ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്‌സൺ സിങ് പരിക്കേറ്റ് പുറത്തായി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ മധ്യനിരയിലെ കരുത്തനായിരുന്നു അദ്ദേഹം. ജീക്‌സൺ പുറത്തു പോയതിനു ശേഷമാണ് മുംബൈ സിറ്റി എഫ് സി അവരുടെ വിജയം കുറിച്ച രണ്ടാം ഗോൾ സ്വന്തമാക്കിയത്. 18 മിനിറ്റായിരുന്നു മുംബൈ സിറ്റി എഫ് സി x കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിന്റെ ഇഞ്ചുറി ടൈം.

ഇഞ്ചുറി ടൈമിന്റെ 15 -ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ വിദേശ സെന്റർ ഡിഫെൻഡറായ മിലോസ് ഡ്രിൻസിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ അടുത്ത മത്സരത്തിൽ മിലോസ് ഡ്രിൻസിച്ചുണ്ടാകില്ലെന്ന് ഉറപ്പായി. മുംബൈ സിറ്റിയുടെ വാൻ നീഫും ഡ്രിൻസിച്ചിനൊപ്പം ചുവപ്പ് കാർഡ് കണ്ടു. പ്രതിരോധത്തിലെ സൂപ്പർ താരം ഐബൻ ഡോഹ്ലിങിനും പരിക്കേറ്റത് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് തിരിച്ചടിയാകും. മുംബൈക്കെതിരെ ഐബന് പരിക്കുപറ്റിയപ്പോൾ, സന്ദീപ് സിങിനെയാണ് മഞ്ഞപ്പട കളത്തിലിറക്കിയത്.

അതേ സമയം മുംബൈ സിറ്റി എഫ് സിക്കെതിരെ നടന്ന മത്സരത്തിൽ അഞ്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി താരങ്ങളാണ് മഞ്ഞക്കാർഡ് കണ്ടത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ജീക്‌സൺ സിങ്, പ്രബീർ ദാസ്, സന്ദീപ് സിങ്, ഫ്രെഡ്ഡി ലാലവാമ എന്നിവരാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version