Sports

ഫിഫ ദി ബെസ്റ്റിൽ എംബാപ്പെയുടെ വോട്ട് ലഭിച്ചത് ഈ മൂന്ന് താരങ്ങൾക്ക്; പോയൻറ് കണക്കുകൾ ഇങ്ങനെ…

Published

on

ഫിഫ ദി ബെസ്റ്റ് (FIFA The Best) പുരസ്കാരം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് അർജൻറീനയുടെ സൂപ്പർതാരം ലയണൽ മെസി (Lionel Messi). 48 പോയൻറുകൾ നേടിയാണ് താരം ഒന്നാമതെത്തിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവെ സൂപ്പർതാരം എർലിങ് ഹാലൻഡിന് 48 വോട്ടുകൾ തന്നെ ലഭിച്ചുവെങ്കിലും ദേശീയ ടീം ക്യാപ്റ്റൻമാരുടെ വോട്ടുകൾ കുറവായതിനാൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

എട്ടാം തവണ ബിലൺ ഡി ഓർ പുരസ്കാരം നേടി ചരിത്രം രചിച്ചതിന് ശേഷമാണ് മെസി ഇപ്പോൾ ഫിഫ ദി ബെസ്റ്റ് പുരസ്കാരവും സ്വന്തമാക്കുന്നത്. ബാലൺ ഡി ഓർ സമയത്തും താരത്തിന് പ്രധാന എതിരാളിയായിരുന്നത് എർലിങ് ഹാലൻഡ് തന്നെയായിരുന്നു. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മാഞ്ചസ്റ്റർ സിറ്റി കഴിഞ്ഞ തവണ കിരീടം നേടാൻ പ്രധാന കാരണക്കാരൻ ഹാലൻഡ് തന്നെയായിരുന്നു.

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയും ഇരുവർക്കുമൊപ്പം പട്ടികയിൽ മുന്നിലുണ്ടായിരുന്നു. എംബാപ്പെയ്ക്ക് 35 പോയൻറുകളാണ് ഫിഫ ദി ബെസ്റ്റ് വോട്ടിങ്ങിൽ ലഭിച്ചത്. ഫ്രഞ്ച് ദേശീയ ടീമിന് വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും നടത്തിയ തകർപ്പൻ പ്രകടനങ്ങൾ കാരണമാണ് എംബാപ്പെ പരിഗണിക്കപ്പെട്ടത്. ഇപ്പോഴിതാ എംബാപ്പെ ആർക്കെല്ലാമാണ് വോട്ട് നൽകിയത് എന്ന കാര്യം പുറത്തുവന്നിരിക്കുകയാണ്.

പിഎസ്ജിയിൽ തൻെറ സഹതാരവും ദേശീയ ഫുട്ബോളിൽ തൻെറ കടുത്ത എതിരാളിയുമായ ലയണൽ മെസിക്ക് തന്നെയാണ് എംബാപ്പെ ഒന്നാമതായി വോട്ട് ചെയ്തിരിക്കുന്നത്. ഖത്തർ ലോകകപ്പിലെ ഫൈനലിൽ ഫ്രാൻസിനും അർജൻറീനയ്ക്കും വേണ്ടി ഇരുതാരങ്ങളും നേർക്കുനേർ വന്നതാണ്. എന്നാൽ അന്തിമവിജയം മെസിക്കൊപ്പമായിരുന്നു.

എർലിങ് ഹാലൻഡിനാണ് എംബാപ്പെ രണ്ടാമത്തെ വോട്ട് നൽകിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ തന്നെ ബെൽജിയം താരം കെവിൻ ഡിബ്രുയിനാണ് എംബാപ്പെയുടെ മൂന്നാമത്തെ വോട്ട്. ആൽബിസെലസ്റ്റെ ടോക്ക് എന്ന എക്സ് അക്കൌണ്ടാണ് എംബാപ്പെയുടെ വോട്ടുകൾ ആർക്കെല്ലാമാണെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.

2022-23 സീസണിൽ അർജൻറീന ദേശീയ ടീമിന് വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും മെസി നടത്തിയ പ്രകടനങ്ങളാണ് ഫിഫ ദി ബെസ്റ്റിന് പരിഗണിക്കപ്പെട്ടത്. പിഎസ്ജിക്കായി 41 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകൾ അടിക്കുകയും 20 അസിസ്റ്റുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അർജൻറീനക്കായി ഏഴ് മത്സരങ്ങൾ കളിച്ച താരം ഏഴ് ഗോളുകൾ അടിക്കുകയും മൂന്ന് അസിസ്റ്റുകൾ നടത്തുകയും ചെയ്തു. താരത്തിന് ഗോൾഡൻ ബോൾ പുരസ്കാരം ലഭിക്കുകയും ചെയ്തു.

വ്യത്യസ്ത ലീഗുകളിലായി മാഞ്ചസ്റ്റർ സിറ്റിക്കായി ഹാലൻഡ് 53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകളാണ് നേടിയത്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിയതിന് പിന്നാലെ എഫ് എ കപ്പ് കിരീടവും സിറ്റി സ്വന്തമാക്കിയിരുന്നു. പെപ് ഗ്വാർഡിയോളയുടെ ടീമിനായി താരത്തിൻെറ ആദ്യ സീസൺ ആണിത്. 43 മത്സരങ്ങളിൽ നിന്ന് 41 ഗോളുകളാണ് ഈ സീസണിൽ എംബാപ്പെ അടിച്ചത്. 10 അസിസ്റ്റുകളും നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version