ഇന്ത്യൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സുനിൽ ഛേത്രി (Sunil Chhetri) ഇന്ന് തന്റെ മുപ്പത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രായം തളർത്താത്ത പോരാളിയെന്ന വിശേഷണം ഏറ്റവുമധികം യോജിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇന്ത്യയുടെ ക്യാപ്റ്റനും ലീഡറും ലെജൻഡുമായ സുനിൽ ഛേത്രി. തന്റെ മുപ്പത്തിയൊൻപതാം വയസിലും അദ്ദേഹം തന്നെയാണ് ഇന്ത്യൻ ദേശിയ ടീമിന്റെ നെടുന്തൂൺ.
സുനിൽ ഛേത്രിയില്ലാത്ത ഒരിന്ത്യൻ ടീമിനെക്കുറിച്ച് സങ്കൽപ്പിക്കുക ഫുട്ബോൾ പ്രേമികൾക്ക് കഠിനം. രാജ്യത്തെ ഏറ്റവും വലിയ ഫുട്ബോൾ ഐക്കണായ സുനിൽ ഛേത്രി ജന്മദിനം ആഘോഷിക്കുന്ന ഈ വേളയിൽ താരത്തിന്റെ പേരിലുള്ള ചില ശ്രദ്ധേയ റെക്കോഡുകൾ (Sunil Chhetri Records) നോക്കാം.
ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോഡ് സുനിൽ ഛേത്രിയുടെ പേരിലാണ്. 2005 ൽ പാകിസ്താനെതിരെ കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഛേത്രി ഇതുവരെ 142 മത്സരങ്ങളിലാണ് ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. മറ്റാരും ഇന്ത്യൻ ടീമിനായി 100 മത്സരങ്ങൾ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.
ഇന്ത്യൻ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും സുനിൽ ഛേത്രിയാണ്. 92 തവണയാണ് താരം ഇന്ത്യയ്ക്കായി വല കുലുക്കിയത്. 70 മത്സരങ്ങളിൽ 29 ഗോളുകൾ നേടിയ ഐഎം വിജയനാണ് ഈ നേട്ടത്തിൽ രണ്ടാമത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ നാലാമതുണ്ട് ഛേത്രി. 92 ഗോളുകളോടെയാണ് ഇത്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇറാൻ ഇതിഹാസം അലി ദേയ്, അർജന്റീനയുടെ മിന്നും താരം ലയണൽ മെസി എന്നിവരാണ് ഈ റെക്കോഡിൽ ഛേത്രിക്ക് മുന്നിലുള്ളത്.
ഇന്ത്യൻ ടീമിനായി കൂടുതൽ ഹാട്രിക്കുകൾ നേടിയ താരവും സുനിൽ ഛേത്രിയാണ്. 4 തവണയാണ് ഇന്ത്യൻ ജേഴ്സിയിൽ ഛേത്രിയുടെ ഹാട്രിക്ക് പിറന്നത്. തജികിസ്താൻ, പാകിസ്താൻ, വിയറ്റ്നാം, ചൈനീസ് തായ്പെയ് എന്നീ ടീമുകൾക്കെതിരെയായിരുന്നു ഇത്.
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുനിൽ ഛേത്രി. 2015 ലായിരുന്നു ഇത്. അന്ന് മുംബൈ സിറ്റിഎഫ്സിക്ക് വേണ്ടി കളിച്ച ഛേത്രി നോർത്തീസ്റ്റ് യുണൈറ്റഡിനെതിരായ കളിയിലാണ് ഹാട്രിക്ക് നേടിയത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുള്ള താരമാണ് സുനിൽ ഛേത്രി. ഐഎസ്എല്ലിൽ ഇതുവരെ 135 മത്സരങ്ങൾ കളിച്ച താരം 56 ഗോളുകളാണ് സ്കോർ ചെയ്തത്. നൈജീരിയൻ താരം ബാർത്തലോമ്യു ഒഗ്ബെച്ചെ മാത്രമാണ് ഐ എസ് എൽ ഗോളടിയിൽ ഛേത്രിക്ക് മുന്നിലുള്ളത്.
മൂന്ന് പതിറ്റാണ്ടുകളിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയ ഒരേയൊരു ഇന്ത്യൻ ഫുട്ബോളറും സുനിൽ ഛേത്രിയാണ്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സ്കോർ ചെയ്തതോടെയാണ് ഈ അപൂർവ്വ നേട്ടം ഛേത്രിക്ക് സ്വന്തമായത്. 2005 ജൂണിൽ പാകിസ്താനെതിരെയായിരുന്നു താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ. 2010നും 2019 നുമിടയ്ക്ക് ഇന്ത്യൻ ടീമിനായി താരം ഗോൾമഴ പെയ്യിച്ചു.