തിരുവനന്തപുരം: മഴ വിട്ടുനിൽക്കുന്നതോടെ സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇന്ന് താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രിവരെ സെൽഷ്യസ് വരെ ചൂട് കൂടുതൽ അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മൺസൂൺ സീസണിൽ ചൂട് ഉയർന്ന തോതിൽ തുടരുന്നത് ആദ്യമാണ്. സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിനാൽ പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു.
കോട്ടയം വരെയുള്ള ജില്ലകളിൽ അഞ്ച് ദിവസവും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ചില ജില്ലകളിൽ ഒറ്റപ്പെട്ടതോ നേരിയതോ ആയ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് ഉടൻ മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. ജൂൺ, ജൂലൈ മാസങ്ങളിൽ വിവിധ ജില്ലകളിൽ മഴ ലഭിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ മഴയുടെ ലഭ്യത കുറയുകയായിരുന്നു.
രാജ്യതലസ്ഥാനമായ ഡൽഹിയടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മഴ ശക്തമാണ്. കങ്കറ, ചംബ, ഹമിർപുർ, മണ്ഡി, ബിലാസ്പുർ, സോളാർ, ഷിംല, കുളു, ജില്ലകളിൽ മഴ ശക്തമാണ്. പല ജില്ലകളിലും ജാഗ്രത നിർദേശം നിലനിൽക്കുകയാണ്.