അബുദാബി: അസ്ഥിര കാലാവസ്ഥ തുടരുന്ന യുഎഇയിലുടനീളം ഇന്നലെ മഴയും ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവുമണ്ടായി. ഇന്ന് ആകാശം തെളിയുമെങ്കിലും വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച രാവിലെ വരെ വീണ്ടും തണുത്ത കാലാവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നും കൂടുതല്‍ മഴയുണ്ടാവുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്നലെ രാജ്യത്തുടനീളം മഴയും ആലിപ്പഴ വര്‍ഷമുണ്ടായത്. അല്‍ഐനില്‍ ആലിപ്പഴം വീണത് റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സ്‌കൂളുകളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. മേഖലയില്‍ ഇന്നലെ ശക്തമായ മഴയാണ് പെയ്തത്. രാജ്യത്ത് ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന മേഖലയാണ് അല്‍ ഐന്‍.
റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും മഞ്ഞ്മൂടിയ അന്തരീക്ഷത്തില്‍ ദൂരക്കാഴ്ച കുറവായതിനാലും ആലിപ്പഴം വാഹനങ്ങളില്‍ പതിക്കുന്നതിനാലും വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് അല്‍ ഐന്‍ പോലീസ് അഭ്യര്‍ഥിച്ചിരുന്നു.
തണുത്തതും കാറ്റുള്ളതുമായ വാരാന്ത്യമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗത്തും മഴയുണ്ടാവും. ആഴ്ചയിലുടനീളം കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നു, ഈ വാരാന്ത്യത്തില്‍ യുഎഇയിലുടനീളം ശക്തമായ കാറ്റുമുണ്ടാവും.
ഇന്നലെ ശക്തമായ മഴ പെയ്തതോടെ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദുബായിലും ഫുജൈറയിലും യെല്ലോ അലര്‍ട്ടും അബുദാബിയില്‍ ഓറഞ്ച് അലര്‍ട്ടും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി പ്രഖ്യാപിച്ചു. വാഹനമോടിക്കുന്നവര്‍ ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാറിക്കൊണ്ടിരിക്കുന്ന വേഗപരിധി പാലിക്കണമെന്ന് അബുദാബി പോലീസ് എക്സില്‍ ആവശ്യപ്പെട്ടു.
അബുദാബിയുടെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളില്‍ ഇടിമിന്നലിനൊപ്പം വ്യത്യസ്ത തീവ്രതയോടെ മഴ പെയ്യുമെന്ന് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ദുബായ് നിവാസികള്‍ മൂടല്‍മഞ്ഞുള്ള ആകാശവും സ്വപ്‌നതുല്യമായ മഴക്കാഴ്ചകളും ആസ്വദിച്ചു. ദുബായ് മറീന, ജുമൈറ ബീച്ച് റോഡ്, മൈദാന്‍, ഷെയ്ഖ് സായിദ് റോഡ്, ദെയ്റ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നേരിയ മഴയും മേഘാവൃതമായ കാലാവസ്ഥയും അനുഭവപ്പെട്ടു.
തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിക്കുന്ന ഉപരിതല ന്യൂനമര്‍ദമാണ് രാജ്യത്തെ ബാധിക്കുന്നത്. പടിഞ്ഞാറ് നിന്നുള്ള തണുത്ത വായു പിണ്ഡത്തോടൊപ്പം മുകളിലെ വായുവില്‍ മേഘങ്ങളുടെ പ്രവാഹമുണ്ടെന്ന് എന്‍സിഎം അറിയിച്ചിരുന്നു.
അല്‍ഐന്‍, ഫുജൈറ, റാസല്‍ഖൈമ, അബുദാബിയുടെ ചില തീരപ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ചില സമയങ്ങളില്‍ ശക്തമായ കാറ്റ് പൊടി നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകും. മേഘങ്ങള്‍ ശക്തിപ്രാപിക്കുന്ന പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതല്‍ അനുഭവപ്പെടുക.
റാസല്‍ഖൈമയുടെയും ഷാര്‍ജയുടെയും ചില ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി ഇടിയും മിന്നലും ഇടതടവില്ലാതെ മഴയും ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ താമസക്കാര്‍ വേണ്ടത്ര സജ്ജരാണെന്ന് ഉറപ്പുവരുത്തണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റുമുള്ള സമയങ്ങളില്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് കാലാവസ്ഥാ വകുപ്പും ആവശ്യപ്പെട്ടു.