Gulf

‘ബാഗില്‍ ബോംബൊന്നുമില്ല’- കലിപ്പ് കാണിച്ച ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്തും

Published

on

ദമാം: ബാഗില്‍ എന്താണെന്ന ചോദ്യത്തിന് ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം പറഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റിലായ പ്രവാസി ഇന്ത്യക്കാരനെ ഒരു മാസത്തെ തടവിനുശേഷം നാടുകടത്താന്‍ കോടതി ഉത്തരവ്. വര്‍ഷങ്ങളായി ദമാമിലെ സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്തുവരികയായിരുന്ന തമിഴ്‌നാട് സ്വദേശിയെയാണ് ശിക്ഷിച്ചത്.

കേസില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ദമാമിലുള്ള ഇദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ നീക്കംനടത്തിയെങ്കിലും കോടതി ഉത്തരവ് വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്തു.

ദുബായിലേക്ക് പോകാനായി ദമാം വിമാനത്താവളത്തിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങളുണ്ടായത്. ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ടിക്കറ്റെടുത്തിരുന്നത്. ചെക്കിങിനിടെ ബാഗിലെന്താണെന്ന് ആവര്‍ത്തിച്ച് ചോദിച്ച എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥയോട് ക്ഷുഭിതനായ യാത്രക്കാരന്‍ ബാഗില്‍ ബോംബൊന്നുമില്ലെന്ന് തര്‍ക്കുത്തരം രൂപേണ മറുപടി നല്‍കി. ഉദ്യോഗസ്ഥ ഇക്കാര്യം എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗത്തെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ ഡോഗ് സ്വക്വാഡ് സഹിതം സംഭവസ്ഥലത്ത് കുതിച്ചെത്തി. സംശയകരമായ രീതിയില്‍ പെരുമാറിയതിന് സുരക്ഷാ വിഭാഗം യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ചോദ്യംചെയ്യലിന് ശേഷം യാത്രക്കാരന്റെ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സുരക്ഷ ജീവനക്കാരോട് സഹകരിക്കാതിരിക്കുക, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ യാത്രക്കാരന് ഒരു മാസം ജയില്‍ ശിക്ഷ വിധിക്കുകയും ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ നാടുകടത്താനും ഉത്തരവിടുകയാണുണ്ടായത്.

എംബസിയില്‍ പരാതിയെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിയമസഹായം ലഭ്യമാക്കാന്‍ എംബസിയുടെ സഹായത്തോടെ നീക്കംനടത്തിയെങ്കിലും കോടതി വിധി വന്നതിനാല്‍ ഫലവത്തായില്ലെന്ന് സംഭവത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ടത് വളരെ പ്രധാനമാണെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അധികൃതരോടുള്ള പ്രതികരണവും പെരുമാറ്റവും ശ്രദ്ധയോടെ വേണമെന്ന് സൗദിയിലെ പ്രവാസികളെ ബോധ്യപ്പെടുത്തുന്ന സംഭവമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version