കണ്ണൂർ: കണ്ണൂരിൽ ട്രെയിനിൽ യുവതിക്കുനേരെ അതിക്രമം കാട്ടിയ മൂന്നു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെയാണ് ഇവർ ട്രെയിൻ യാത്രയ്ക്കിടെ ശല്യപ്പെടുത്തിയത്. മംഗളൂരുവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്പ്രസിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.
ട്രെയിനിൽ ഒരേ കംപാർട്ട്‌മെന്റിൽ യാത്ര ചെയ്തിരുന്ന മൂന്നു യുവാക്കൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ വിട്ടപ്പോൾ യുവാക്കളുടെ ശല്യം അധികമായതിനെ തുടർന്ന് സഹികെട്ട യുവതി വളപട്ടണം സ്‌റ്റേഷനിലെത്തിയപ്പോൾ അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തുകയായിരുന്നു. ഇതിനുശേഷം റെയിൽവേ സ്‌റ്റേഷനിലിറങ്ങിയ യുവതി റെയിൽവേ അധികൃതർക്കും പോലീസിനും പരാതി നൽകി അതേ ട്രെയിനിൽ യാത്ര തുടർന്നു.
ഇതിനിടെ യുവാക്കൾ റെയിൽവേ ജീവനക്കാർക്കുനേരെ തട്ടിക്കയറി. യുവാക്കളെ ശാന്തരാക്കിയ ശേഷം റെയിൽവേ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് കണ്ണൂരിലേക്ക് എത്തിച്ചു. യുവതി പരാതി നൽകാൻ തയ്യാറായിട്ടില്ല. ബന്ധുക്കളുമായി ആലോചിച്ചു പരാതി നൽകുമെന്ന് ഇവർ റെയിൽവേ പോലീസിനെ അറിയിച്ചിട്ടുണ്ട്. അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തിയ സംഭവം വളരെ ഗൗരവകരമായാണ് പോലീസ് കാണുന്നത്. കസ്റ്റഡിയിലെടുത്ത യുവാക്കൾ കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന.