മലയാളിയുടെ ദാരുണാന്ത്യത്തെക്കുറിച്ച് നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി യുഎഇയിലെ സാമൂഹ്യപ്രവര്‍ത്തകനായ മലയാളി അഷ്റഫ് താമരശ്ശേരി. ജീവനക്കാരന്‍റെ ചതിയിൽ നിന്നും രക്ഷപ്പെട്ട് സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ ആണ് സ്ട്രോക്ക് വരുന്നത്. ഇത് രണ്ടും കാരണം ദുരിതത്തിലായ മലയാളിയുടെ അനുഭവമാണ് അഷ്റഫ് താമരശ്ശേരി വിവരിക്കുന്നത്. ഇതിൽ നിന്നും രക്ഷപ്പെട്ട് മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറിയപ്പോൾ ആണ് മരണം സംഭവിക്കുന്നത്. ഹൃദയാഘാതം മൂലം ആണ് അദ്ദേഹം മരിക്കുന്നത്. അഷ്റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.
കഴിഞ്ഞ ദിവസം മരണപ്പെട്ടവരിൽ ഒരു മലയാളിയുണ്ടായിരുന്നു. പ്രവാസ ലോകത്ത് നല്ല നിലയിൽ സംരംഭം നടത്തി ജീവിച്ചിരുന്ന വ്യക്‌തി. എല്ലാ വർഷവും അവധിക്ക് കുടുംബത്തെയും കൂട്ടി വിവിധ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകുന്ന പതിവുണ്ടായിരുന്നു ഇദ്ദേഹത്തിന്. ഒരിക്കൽ യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ എയർപോർട്ടിൽ വെച്ച് അധികൃതർ പിടികൂടി.
യാത്രക്ക് പോകുന്നതിന് മുൻപ് ഇദ്ദേഹം നൽകിയ രേഖകൾ ദുരുപയോഗം ചെയ്ത് കമ്പനി ജീവനക്കാരന്‍ നടത്തിയ തട്ടിപ്പിന് മുതലാളി കുടുങ്ങുകയായിരുന്നു. ഇതോടെ വലിയ സാമ്പത്തിക ബാധ്യതകൾ വന്നു ചേർന്നു. ആകെ തകർന്ന് പോയ ഇദ്ദേഹത്തിന് സ്ട്രോക്ക് വന്ന് ആശുപത്രിയിലായി.
അസുഖത്തിൽ നിന്നും പതിയെ കരകയറിയ ഇദ്ദേഹം കുടുംബം പോറ്റാൻ മറ്റൊരിടത്ത് ജോലിക്ക് കയറി. ഭാര്യക്കും ഒരു ജോലി ലഭിച്ചു. പരിവട്ടങ്ങളില്ലാതെ ഒരു വിധം ജീവിച്ച് കൊണ്ടിരിക്കെയാണ് ഇദ്ദേഹത്തെ മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് കൂട്ടിക്കൊണ്ട് പോകുന്നത്. ഉച്ചക്കുള്ള ഭക്ഷണം കഴിക്കാൻ അന്വേഷിച്ച് ചെന്ന ഭാര്യ കാണുന്നത് ബെഡ് റൂമിൽ ചലനമറ്റ് കിടക്കുന്ന പ്രിയതമനെ. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈ കുടുംബത്തിൻറെ ഒരധ്യായം ഇവിടെ അവസാനിക്കുകയായിരുന്നു.