ദോഹ: 2017ലെ ജിസിസി പ്രതിസന്ധിയില്‍ ഖത്തറുമായുള്ള എല്ലാ നയതന്ത്ര, വ്യാപാര ബന്ധങ്ങളും വിച്ഛേദിച്ച് ആറ് വര്‍ഷത്തിന് ശേഷം ആദ്യ നയതന്ത്ര പ്രതിനിധിയെ പ്രഖ്യാപിച്ച് യുഎഇ. ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാനാണ് ദോഹയിലെ പുതിയ യുഎഇ അംബാസഡര്‍. യുഎഇയിലെ അംബാസഡറെ ഖത്തര്‍ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.
ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ ഇന്നലെ അബുദാബിയില്‍ നടന്ന ചടങ്ങില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തതായി യുഎഇ വാര്‍ത്താ ഏജന്‍സി (വാം) റിപ്പോര്‍ട്ട് ചെയ്തു. ഖസ്ര്‍ അല്‍ശാത്തിയില്‍ നടന്ന ചടങ്ങില്‍ കെനിയയിലെ യുഎഇ അംബാസഡറും സത്യപ്രതിജ്ഞ ചെയ്തു.
രണ്ട് അംബാസഡര്‍മാര്‍ക്കും അവരുടെ പുതിയ ചുമതലകളില്‍ ശോഭിക്കാന്‍ കഴിയട്ടെയെന്ന് യുഎഇ പ്രസിഡന്റ് ആശംസിച്ചു. ഖത്തറുമായും കെനിയയുമായും ബന്ധം ശക്തിപ്പെടുത്തുന്നതിന് പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു. എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധം കെട്ടിപ്പടുക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത അദ്ദേഹം പങ്കുവച്ചതായും വാം റിപ്പോര്‍ട്ട് ചെയ്തു.
യുഎഇയിലെ ഖത്തറിന്റെ അംബാസഡറായി ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നിയമിച്ചത്. 2017ലെ ജിസിസി പ്രതിസന്ധിയെത്തുടര്‍ന്ന് വഷളായ ബന്ധം പൂര്‍വസ്ഥിതിയിലായതോടെ നയതന്ത്ര ദൗത്യങ്ങള്‍ പരസ്പരം പുനരാരംഭിക്കുമെന്ന് കഴിഞ്ഞ ജൂണില്‍ ഖത്തറും യുഎഇയും പ്രഖ്യാപിച്ചു.
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുകയും വ്യോമ, കര, കടല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം. എന്നാല്‍ ആരോപണങ്ങള്‍ ഖത്തര്‍ തള്ളുകയുണ്ടായി. ഗള്‍ഫ് മേഖലയിലെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശനയം കൈക്കൊള്ളുന്നു, മുസ്ലീം ബ്രദര്‍ഹുഡ് (ഇഖ്‌വാനുല്‍ മുസ്ലിമീന്‍) ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് ഖത്തര്‍ അഭയവും പിന്തുണയും നല്‍കുന്നു, ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിനെ കയറൂരിവിടുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്. മൂന്ന് വര്‍ഷത്തെ ഉപരോധം ഖത്തറിനെ ഒറ്റപ്പെടുത്താനും സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലപ്പെടുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു.
2021ലെ ചരിത്രപരമായ അല്‍ഉല ഉടമ്പടിയുടെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് എംബസികള്‍ വീണ്ടും തുറക്കുന്നത്. ജിസിസി രാജ്യങ്ങള്‍ അല്‍ഉല പ്രഖ്യാപനം ഒപ്പുവച്ചതോടെ ശീതസമരം യഥാര്‍ത്ഥത്തില്‍ അവസാനിച്ചെങ്കിലും ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം പഴയതോതിലാവാന്‍ വീണ്ടും കാലതാമസമുണ്ടാവുകയായിരുന്നു.