അബുദബി: അന്താരാഷ്ട്ര മാനുഷിക പദ്ധതികളുമായും ജീവകാരുണ്യ പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി യുഎഇയിൽ പുതിയ കൗൺസിൽ രൂപീകരിച്ചു. ഹ്യൂമാനിറ്റേറിയൻ ആൻഡ് ഫിലാന്ത്രോപിക് കൗൺസിൽ രൂപീകരിച്ചതായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിപ്പിച്ച ഉത്തരവിലാണ് വ്യക്തമാക്കുന്നത്. ആഫ്രിക്കൻ സഹകരണത്തിനായുള്ള സംയുക്ത സ്ട്രാറ്റജിക് കമ്മിറ്റി, യുഎഇ ഹ്യൂമാനിറ്റേറിയൻ കമ്മിറ്റി, വിദേശ സഹായത്തിനായുള്ള ഉന്നത സമിതി, അന്താരാഷ്ട്ര ആരോഗ്യ ഉപദേശക സമിതി എന്നിവയെ കൗൺസിൽ സംയോജിപ്പിക്കും.
ഈ മേഖലയുടെ മേൽനോട്ടം വഹിക്കൽ, നയ അജണ്ട അവലോകനം ചെയ്യുന്നതിന് അംഗീകാരം നല്‍കല്‍, പ്രസക്തമായ പദ്ധതികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള മേൽനോട്ടം, മേഖലയുടെ ഭാവി വീക്ഷണവും പ്രോജക്റ്റുകൾക്കായുള്ള പൊതു ചട്ടക്കൂടുകളും വികസിപ്പിക്കല്‍, പ്രവർത്തനങ്ങൾക്ക് പിന്തുണ നല്‍കുന്നതിന് ആവശ്യമായ ഏതെങ്കിലും ഉപസമിതികൾ രൂപീകരിക്കുക എന്നിവയാണ് പുതിയ കൗൺസിലിന്റെ ചുമതലകൾ.
ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരിക്കും കൗൺസിലിൻ്റെ അദ്ധ്യക്ഷൻ. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ഇബ്രാഹിം അൽ ഹാഷിമി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് സയീദ് ഹരേബ് അൽ മേരി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മന്ത്രി ശമ്മ ബിൻത് സുഹൈൽ അൽ മസ്‌റൂയി, ഫാരിസ് മുഹമ്മദ് അഹമ്മദ് അൽ മസ്റൂയി, പ്രസിഡൻഷ്യൽ കോടതിയുടെ ഉപദേഷ്ടാവ് ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റൂയി, എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മുഹമ്മദ് സെയ്ഫ് അൽ സുവൈദി, അബുദാബി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. സുൽത്താൻ മുഹമ്മദ് അൽ ഷംസി, വിദേശകാര്യ സഹമന്ത്രിയും കൗൺസിലിൽ ഉൾപ്പെടുന്നു.