വിൽ ജാക്സ്, ഗുജറാത്ത് ടൈറ്റൻസിനെ തകർത്തെറിഞ്ഞ റോയൽ ചലഞ്ചേഴ്സിന്റെ പവർ ഹിറ്റർ. റാഷിദ് ഖാനെപ്പോലൊരു ലോകോത്തര സ്പിന്നറെ ആവർത്തിച്ച് അതിർത്തി കടത്തിയ മാസ്. ആദ്യ 16 പന്തിൽ 16 റൺസ് മാത്രം. പിന്നെ 27 പന്തിൽ 37. ഒടുവിൽ 41 പന്തെത്തുമ്പോൾ സ്കോർ പുറത്താവാതെ 100 റൺസ്. ഗംഭീര വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തുകയാണ്.
സീസണിൽ ആദ്യ ഘട്ടത്തിൽ തുടർച്ചയായി തോൽവികൾ വഴങ്ങിയ ടീം. കാമറൂൺ ഗ്രീനും ഗ്ലെൻ മാക്സ് വെല്ലും തുടർച്ചയായി നിരാശപ്പെടുത്തി. ആരാധകർ രോഷം പൂണ്ടു. വിൽ ജാക്സിനെ ടീമിൽ ഉൾപ്പെടുത്താൻ ആരാധകർ അലമുറയിട്ടു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടി10 ക്രിക്കറ്റിൽ 25 പന്തിൽ സെഞ്ച്വറി നേടിയ താരം. ജാക്സിനെ ഉൾപ്പെടുത്താൻ ആരാധകർ ചൂണ്ടിക്കാട്ടിയത് ഈയൊരു കാരണമായിരുന്നു. എന്നാൽ ഇത്തരമൊരു ബാറ്റിംഗ് വീര്യത്തെയാണ് റോയൽ ചലഞ്ചേഴ്സ് കൈയ്യിൽ വെച്ചിരുന്നതെന്ന് ആരും അറിഞ്ഞില്ല.
സീസണിൽ ഇതുപോലൊരു മത്സരം ആരും കണ്ടിട്ടില്ല. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മികച്ച സ്കോർ ഉയർത്താൻ ഗുജറാത്തിന് കഴിഞ്ഞിരുന്നു. മറുപടി ബാറ്റിംഗിൽ റോയൽ ചലഞ്ചേഴ്സ് നന്നായി തുടങ്ങി. ഒരു ഘട്ടം വരെ വിജയം നേടുകയായിരുന്നു ബെംഗളൂരു ലക്ഷ്യം. എന്നാൽ വളരെ പെട്ടെന്ന് കഥമാറി.
അവസാന ആറ് ഓവറിൽ വിജയത്തിന് വേണ്ടത് 53 റൺസ്. മോഹിത് ശർമ്മയുടെ ഓവറിൽ 29 റൺസ് അടിച്ചെടുത്തു. ശുഭ്മൻ ഗില്ലിന്റെ കൈയ്യിൽ റാഷിദ് ഖാനെന്ന വജ്രായുധം മാത്രമാണ് ഉണ്ടായിരുന്നത്. നാല് സിക്സ് ഒരു ബൗണ്ടറി റാഷിദിന്റെ ഓവറിൽ പിറന്നു. കണ്ണടച്ച് തുറക്കും മുമ്പ് വിൽ ജാക്സ് കളി തീർത്തു. പുറത്താവലിന്റെ വക്കിൽ നിന്ന് റോയൽ ചലഞ്ചേഴ്സിന്റെ തിരിച്ചുവരവിന്റെ തുടക്കമോ ഇത്? കാത്തിരുന്ന് കാണാം.