Gulf

സൗദിയിലെ ഫുര്‍സാന്‍ ദ്വീപില്‍ ഇന്ത്യന്‍ കാക്കകളെ തുരത്താന്‍ രണ്ടാംഘട്ട നടപടി തുടങ്ങി

Published

on

ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തില്‍ നിന്ന് ഇന്ത്യന്‍ കാക്കകളെ തുരത്തുന്നതിനുള്ള രണ്ടാംഘട്ട നടപടി തുടങ്ങി. പുതുതായി കടന്നുകയറി ആവാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.

അഡാപ്റ്റീവ് കണ്‍ട്രോള്‍ മാനേജ്‌മെന്റ് പ്ലാന്‍ എന്ന പേരില്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ഫുര്‍സാന്‍ ദ്വീപിലെ 35 ശതമാനം ഇന്ത്യന്‍ കാക്കകളേയും ഇവിടെ നിന്ന് ഒഴിവാക്കിയതായി ദേശീയ വന്യജീവി സംരക്ഷണ വകുപ്പ് കഴിഞ്ഞ ഓഗസ്റ്റില്‍ അറിയിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കാക്കകളുടെ എണ്ണത്തില്‍ 70 ശതമാനത്തോളം കുറവുവരുത്താനുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ദേശീയ വന്യജീവി സംരക്ഷണ വിഭാഗം വ്യക്തമാക്കി.

മുമ്പ് ഇല്ലാതിരുന്ന ജീവജാലങ്ങള്‍ പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും കടന്നുകയറി അതിജീവനം തുടങ്ങുമ്പോള്‍ ആവാസ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കടല്‍പക്ഷികളുടെ മുട്ടകള്‍ നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള പ്രധാന കാരണങ്ങള്‍. ചെറിയ ജീവജാലങ്ങളെ ആക്രമിക്കുന്നതും ലൈനുകളിലൂടെയുള്ള വൈദ്യുതി വിതരണത്തിന് തടസം സൃഷ്ടിക്കുന്നതും കാരണങ്ങളാണ്.

കാലങ്ങളായി ജീവിച്ചുവരുന്ന പക്ഷികളേയും മറ്റ് ജീവികളെയും സംരക്ഷിച്ച് ആവാസ വ്യവസ്ഥ സന്തുലിതമാക്കാന്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തുടക്കത്തില്‍ ഫുര്‍സാന്‍ വന്യജീവി സങ്കേതത്തിലെ 140 ലേറെ കാക്ക കൂടുകള്‍ നശിപ്പിച്ചിരുന്നു. കാക്കകളെ കൊല്ലുന്നതിന് പകരം പുനരുല്‍പ്പാദനത്തിലൂടെ പെരുകുന്നത് തടയാനാണ് പ്രധാനമായും ശ്രമം.

കാക്കകളുടെ കണക്കെടുപ്പ്, പെരുകല്‍ കാലം നിര്‍ണയിക്കല്‍, കൂടുകള്‍ കണ്ടെത്തല്‍, ഭക്ഷണം തേടിച്ചെല്ലുന്ന ഇടങ്ങള്‍ കണ്ടെത്തല്‍ എന്നിവ ഉറപ്പാക്കി കാക്കകളുടെ എണ്ണം നിയന്ത്രിക്കാനാണ് വന്യജീവി വകുപ്പ് ഉദ്ദേശിക്കുന്നത്. എണ്ണമെടുക്കലും പ്രജനന മേഖലകള്‍, ഉറങ്ങുന്ന സ്ഥലങ്ങള്‍, തീറ്റകിട്ടുന്ന സ്ഥലങ്ങള്‍, സ്വഭാവം എന്നിവ നിര്‍ണയിക്കലും പൂര്‍ത്തിയായിട്ടുണ്ട്.

സൗദിയിലെ പരിസ്ഥിതി സംരക്ഷിത മേഖലയായ ഫുര്‍സാന്‍ ദ്വീപ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജിസാനോട് അടുത്തുകിടക്കുന്ന ഈ മേഖലയില്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version