Gulf

18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പുതിയ കൊവിഡ് വാക്‌സിന്‍ നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

Published

on

ജിദ്ദ: കൊവിഡ്-19ന്റെ പുതിയ ഉപവകഭേദമായ ജെഎന്‍.1 സൗദി അറേബ്യയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പുതിയ കൊവിഡ് വാക്‌സിന്‍ നിര്‍ദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പുതിയ കൊവിഡ് വകഭേദങ്ങള്‍ക്കെതിരെ വികസിപ്പിച്ച പുതിയ വാക്‌സിന്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു.

വാക്‌സിന്‍ സ്വീകരിക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹത്തി’ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ബുക്കിങ് പൂര്‍ത്തിയാക്കണം. ഗര്‍ഭിണികള്‍, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അര്‍ബുദം ഉള്‍പ്പെടെ വിട്ടുമാറാത്ത രോഗമുള്ളവര്‍, അമിതവണ്ണം കാരണം അപകടസാധ്യത ഉള്ളവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

കൊവിഡ് വൈറസിന്റെ വകഭേദങ്ങള്‍ പ്രതിരോധിക്കാന്‍ വികസിപ്പിച്ച വാക്‌സിന്‍ ഫലപ്രദമാണെന്ന് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) വ്യക്തമാക്കി. 18 വയസ് പിന്നിട്ട ആര്‍ക്കും അഡ്വാന്‍സ്ഡ് കോവിഡ് വാക്സിന്‍ എടുക്കാവുന്നതാണെങ്കിലും അമ്പതും അതില്‍ കൂടുതലും പ്രായമുള്ളവര്‍ നിര്‍ബന്ധമായും പരിഷ്‌കരിച്ച കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ.

നേരത്തെ എത്ര ഡോസ് സ്വീകരിച്ചു എന്ന കാര്യം പരിഗണിക്കാതെ തന്നെ മുതിര്‍ന്നവര്‍ക്ക് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. രോഗത്തിന്റെ സങ്കീര്‍ണതകള്‍ തടയാനും കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version