ബിജു മേനോൻ-ആസിഫ് അലി കൂട്ടുകെട്ടിൽ എത്തിയ തലവൻ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്തു 10 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 15 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ആസിഫ് അലിയുടെ കരിയര്‍ ബെസ്റ്റ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10 ദിവസം കൊണ്ട് 1.60 കോടിയാണ് ചിത്രത്തിന്റെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ.
ജിസ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തലവന്‍ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.