ബ്രസീലിയൻ ക്ലബായ ക്രൂസീറോയിൽ 44 മത്സരങ്ങളിൽ നിന്ന് 44 ഗോളുകൾ നേടി. 1993ലും 94ലുമാണ് റൊണാൾഡോ ക്രൂസീറോയിൽ കളിച്ചത്. അന്ന് താരത്തിന്റെ പ്രായം വെറും 17 വയസ് മാത്രമായിരുന്നു. 1994ൽ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ റൊണാൾഡോ അംഗമായിരുന്നു. പിന്നാലെ നെതർലാൻഡ്സ് ക്ലബായ പിഎസ്‍വി ഐന്തോവിന് വേണ്ടി റൊണാൾഡോ രണ്ട് വർഷം കളിച്ചു. 54 മത്സരങ്ങളിൽ നിന്ന് 57 ഗോളുകളാണ് ഐന്തോവന് വേണ്ടി ബ്രസീലിയൻ ഇതിഹാസം വലയിലെത്തിച്ചത്. ഇതോടെ ആർ9നെ ഫുട്ബോൾ ലോകം ശ്രദ്ധിക്കുവാൻ തുടങ്ങി. ഡ്രിബ്ലിങ് മികവ്, അപാരമായ വേഗത, വന്യമായ കരുത്ത്, പന്തിന്മേലുള്ള നിയന്ത്രണം, എല്ലാറ്റിലുമുപരി ക്ലിനിക്കല്‍ ഫിനിഷിംഗ് എന്നിവ ആരാധകരുടെയും ഫുട്ബോൾ പണ്ഡിതന്മാരുടെയും ഇഷ്ടത്തിന് കാരണമായി.