Entertainment

‘സഖാവായതിന്റെ പ്രിവിലേജോ?’; ഉമ തോമസിന്റെ വാക്കുകളില്‍ വിനായകന്റെ പ്രതികരണം

Published

on

കൊച്ചി: പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെക്കുകയും പൊലീസുകാര്‍ക്ക് നേരെ അസഭ്യം പറയുകയും ചെയ്ത കേസിൽ നടൻ വിനായകനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആദ്യ പ്രതികരണമറിയിച്ചിരിക്കുകയാണ് നടൻ. വിനായകനെതിരെ ഉമ തോമസ് എംഎല്‍എ നടത്തിയ പ്രതികരണമാണ് നടൻ പങ്കുവെച്ചത്.

‘നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജോ’ എന്നായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടാണ് വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണ് വിനായകന്റെ പ്രവര്‍ത്തിയെന്നാണ് ഉമാ തോമസ് വിമര്‍ശിച്ചത്. ‘ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയിട്ടും ജാമ്യത്തില്‍ വിട്ടത് ‘സഖാവായതിന്റെ പ്രിവിലേജാണോ’, അതോ ക്ലിഫ് ഹൗസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തെ തുടര്‍ന്നാണോ’ എന്നും ഉമാ തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

അതേസമയം, എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പൊലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച നടൻ വിനായകന് പരമാവധി ശിക്ഷയാണ് നൽകിയതെന്ന് കൊച്ചി ഡി സി പി ശശിധരൻ പറഞ്ഞു. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങുകയില്ല. മുമ്പും വിനായകൻ സ്റ്റേഷനിൽ വന്ന് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കുടുംബ പ്രശ്നങ്ങളിൽ പരാതിപ്പെട്ട വിനായകൻ വൈകിട്ട് സ്റ്റേഷനിൽ എത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നു. ലഹരി ഉപയോഗിച്ചാണ് വിനായകൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് സ്റ്റേഷനിലെത്തിയ വിനായകൻ പരസ്യമായി സിഗരറ്റ് വലിച്ചതിന് പൊലീസ് ആദ്യം പിഴയീടാക്കി. ഇതിനുശേഷം സ്റ്റേഷനില്‍ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് നിയന്ത്രണമില്ലാതെ പെരുമാറി, സർക്കാർ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു തുടങ്ങി സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version