Gulf

ആശുപത്രിയില്‍ നിന്ന് മടങ്ങിയ രോഗി വീട്ടില്‍ മരിച്ചു; ഡോക്ടര്‍ ദിയാധനം നല്‍കണമെന്ന് സൗദി ശരീഅ കോടതി

Published

on

റിയാദ്: ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച രോഗിയുടെ കുടുബത്തിന് ദിയാധനം (ബ്ലഡ് മണി) നല്‍കാന്‍ സൗദി ശരീഅ കോടതി ഉത്തരവ്. രോഗിയെ പരിശോധിച്ച ശേഷം വീട്ടിലേക്ക് അയച്ച ഡോക്ടര്‍ക്കെതിരേയാണ് റിയാദ് ശരീഅ കോടതി വിധി പ്രസ്താവിച്ചത്.

വിശദമായ പരിശോധനയ്ക്ക് ശേഷം തിരിച്ചയക്കപ്പെട്ട രോഗി വീട്ടില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

റിയാദിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേയാണ് മരിച്ചയാളുടെ ബന്ധുക്കള്‍ കേസ് നല്‍കിയത്. നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ രോഗിയെ ഡോക്ടര്‍ പരിശോധിക്കുകയും ആവശ്യമായ ടെസ്റ്റുകള്‍ നടത്തുകയും ഇസിജി എടുക്കുകയും ചെയ്തിരുന്നു.

പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കാര്യമായ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടര്‍ അറിയിച്ചിരുന്നത്. വേദനാ സംഹാരി നല്‍കി അതു കഴിക്കാന്‍ നിര്‍ദേശിച്ച് വീട്ടിലേക്കു മടങ്ങാന്‍ പറയുകയും ചെയ്തു. വീട്ടിലെത്തി ഏറെ വൈകാതെ രോഗി ഹൃദയാഘാതം വന്ന് മരണത്തിനു കീഴടങ്ങുകയും ചെയ്തു. റിയാദ് ശരീഅ കോടതി കേസില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കുകയും ഡോക്ടറുടെ ചികിത്സാ പിഴവ് ശരിവയ്ക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version