അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്ന് അബുദാബി വിമാനത്താവളത്തില്‍ (അഡഒ) ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. ടെര്‍മിനല്‍-എ നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.
ഉദ്ഘാടന ദിനത്തിന് മുന്നോടിയായി ഒക്ടോബര്‍ 31ന് ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വേസ് പ്രാരംഭ സര്‍വീസ് നടത്തുമെന്നും അബുദാബി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എല്ലാ വിമാന സര്‍വീസുകളും രണ്ടാഴ്ച കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനല്‍-എയിലേക്ക് മാറും. നവംബര്‍ 1 മുതല്‍ നവംബര്‍ 14 വരെയാണ് ഇതിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നത്.
വിസ് എയര്‍ അബുദാബി ഉള്‍പ്പെടെ 15 അന്താരാഷ്ട്ര എയര്‍ലൈനുകളുടെ വിമാനങ്ങള്‍ നവംബര്‍ ഒന്നിന് പുതിയ ടെര്‍മിനലില്‍ നിന്ന് പറക്കും. നവംബര്‍ 9 മുതല്‍ ഇത്തിഹാദ് എയര്‍വേസിന്റെ 16 പ്രതിദിന ഫ്‌ളൈറ്റുകള്‍ ഇവിടെ നിന്നായിരിക്കും സര്‍വീസ് നടത്തുക. നവംബര്‍ 14ന് ഇത്തിഹാദിന്റെയും എയര്‍ അറേബ്യ അബുദാബിയുടെയും പുതിയ ടെര്‍മിനലിലേക്കുള്ള മാറ്റം പൂര്‍ത്തിയാവുന്ന വിധത്തിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതേ ദിവസത്തിനുള്ളില്‍ മറ്റ് 10 വിമാന കമ്പനികളുടെയും സര്‍വീസുകള്‍ മുഴുവനും ഇവിടേക്ക് മാറും.
നവംബര്‍ 14 മുതല്‍ 28 എയര്‍ലൈനുകളും ടെര്‍മിനല്‍-എയില്‍ നിന്ന് പ്രവര്‍ത്തിക്കും. ടെര്‍മിനല്‍ എയില്‍ പ്രതിവര്‍ഷം 45 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനും മണിക്കൂറില്‍ 11,000 യാത്രക്കാരെ കൈകാര്യം ചെയ്യാനും ഒരേസമയം 79 വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും ശേഷിയുണ്ട്.
നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി തടസ്സങ്ങളില്ലാത്ത, ഡിജിറ്റൈസ്ഡ് യാത്രയാണ് ടെര്‍മിനല്‍ വിഭാവനം ചെയ്യുന്നത്. ഇതിനായി സെല്‍ഫ് സര്‍വീസ് സെന്ററുകള്‍, പരസ്പരബന്ധിതമായ ബയോമെട്രിക് സംവിധാനങ്ങള്‍, സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകള്‍, ബാഗേജ് കൈകാര്യം ചെയ്യാനുള്ള നൂതന സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നു.
742,000 ചതുരശ്ര മീറ്ററുള്ള ടെര്‍മിനല്‍ എ ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍ ഒന്നാണ്. 138 മുറികളുള്ള ഹോട്ടലും ഓപണ്‍ എയര്‍ ലോഞ്ചും രണ്ട് ആരോഗ്യ- ബ്യൂട്ടി സ്പാകളും ഉണ്ടായിരിക്കും. പുതിയ ടെര്‍മിനല്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ യാത്രക്കാരുടെയും ചരക്കുകളുടെയും ശേഷി ഗണ്യമായി വര്‍ധിപ്പിക്കും.
ആഡംബര ലോഞ്ചുകള്‍, റിലാക്‌സേഷന്‍ സോണുകള്‍, യാത്രക്കാര്‍ക്ക് അവരുടെ ഫ്‌ലൈറ്റുകള്‍ക്ക് മുമ്പോ ശേഷമോ വിശ്രമിക്കാന്‍ സ്പാ സൗകര്യങ്ങള്‍ തുടങ്ങിയ മികച്ച സൗകര്യങ്ങളും ടെര്‍മിനലിലുണ്ട്. 163 ഔട്ട്‌ലെറ്റുകളും തുറക്കും. വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും വൈവിധ്യമാര്‍ന്ന ഭക്ഷണ പാനീയങ്ങളും മറ്റ് ഉത്പന്നങ്ങളും ഇതുവഴി ലഭ്യമാവും.
സമ്പദ്‌വ്യവസ്ഥയെ എണ്ണ ഇതര മേഖലകളിലേക്ക് വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി അബുദാബി എമിറേറ്റ് ട്രാവല്‍, ടൂറിസം, കാര്‍ഗോ, ലോജിസ്റ്റിക്‌സ് തുടങ്ങിയ തന്ത്രപ്രധാന വ്യവസായങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്.