ഷാര്‍ജ: ദുബായില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ മലയാളിയെ കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കള്ളയം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊലക്കേസില്‍ പാക്കിസ്ഥാന്‍ സ്വദേശികളായ രണ്ടു പേര്‍ പിടിയിലായി.
ദുബൈ റാസല്‍ ഖോറില്‍ ടി സിങ് ട്രേഡിങ് എന്ന സ്വകാര്യ കമ്പനിയില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലിചെയ്തുവരികയായിരുന്നു 59 കാരനായ അനില്‍. ഈ മാസം രണ്ടാം തീയതി മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരാണ് പിടിയിലായ പാക് സ്വദേശികള്‍.
ജനുവരി 12നാണ് പോലീസ് മൃതദേഹം കണ്ടെടുക്കുന്നത്. അനില്‍ കുമാര്‍ ശാസിച്ചതിന്റെ വിരോധത്തിലാണ് കൊല നടത്തിയതെന്നാണ് വിവരം. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരുഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് റാസല്‍ ഖോര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രതികളില്‍ ഒരാള്‍ യുഎഇ വിട്ടതായും സംശയിക്കുന്നു. 36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍ കുമാര്‍. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം നാളെ മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ഭാര്യ: ബ്രിജില അനില്‍കുമാര്‍. പിതാവ്: വിന്‍സന്റ്. മാതാവ്: റീത്ത. മകന്‍: ബിബിന്‍ അനില്‍.