അബുദാബി: യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ മസ്തിഷ്‌കാഘാത സംബന്ധമായ അസുഖം മൂലം മൂന്നുവര്‍ഷത്തിലധികമായി ആശുപത്രിയില്‍ കഴിയുന്ന പാതിസ്താന്‍ സ്വദേശി നാടണഞ്ഞു. പാകിസ്താനിലെ സര്‍ഗോധ സ്വദേശി സാഖിബ് ജാവേദിനെയാണ് (45) തുടര്‍ ചികില്‍സയ്ക്കായി നാട്ടിലേക്ക് അയച്ചത്.
ഉമ്മുല്‍ ഖുവൈനിലെ മലയാളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് സജ്ജാദ് നാട്ടികയാണ് ഇതിനായി രംഗത്തിറങ്ങിയത്. ഏകദേശം 10 ലക്ഷം ദിര്‍ഹമിന്റെ ചികില്‍സാ ബില്ല് ആശുപത്രി അധികാരികളുമായി സംസാരിച്ച് ഒഴിവാക്കി നല്‍കാന്‍ സാധിച്ചതോടെയാണ് യാത്രയ്ക്കുള്ള വഴിതുറന്നത്.
സാഖിബ് ജാവേദിന് വിസയോ പാസ്‌പോര്‍ട്ടോ മറ്റു രേഖകളോ ഇല്ലായിരുന്നു. പാകിസ്താന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളെല്ലാം ശരിയാക്കി. ഇദ്ദേഹത്തിന് ഇടയ്ക്കിടെ ഫിറ്റ്‌സ് വരുന്നതും വളരെയേറെ പ്രയാസമുണ്ടാക്കിയിരുന്നു. വിമാനത്തില്‍ സ്‌ട്രെച്ചര്‍ സൗകര്യത്തില്‍ മാത്രമേ യാത്രചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. ഇതിന് വലിയ തുക ചെലവുവരും. ചാരിറ്റി സൊസൈറ്റിയുടെ സഹായത്തോടെ ഇതും സംഘടിപ്പിച്ചു.
പിആര്‍ഒ ഫയാസ് അഹമ്മദിന്റെ കൂടി സഹായത്തോടെയാണ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ചെയ്തത്. എക്‌സിറ്റ് നടപടികളെല്ലാം പൂര്‍ത്തിയായതോടെ സ്‌ട്രെച്ചര്‍ സൗകര്യമുള്ള വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും നാട്ടിലേക്ക് യാത്രയാക്കുകയുമായിരുന്നു.