മസ്കറ്റ്: വിദേശത്ത് ജോലി തേടുന്നവർ തട്ടിപ്പിനിരയാകുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴി രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ റിക്രൂട്ട്മെന്റ് നടത്തി നിരവധിപേരെ തട്ടിപ്പിനിരയാക്കിയ സംഭവം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത നിരവധി റിക്രൂട്ടിങ് ഏജന്റുമാർ രംഗത്തുണ്ട്. കേരളത്തിൽ നിന്നും ഇത്തരത്തിൽ നിരവധി പേർ വ്യാജ റിക്രൂട്ടിങ് നടത്തി ആളുകളെ പറ്റിക്കുന്നുണ്ട്. പലരും പോലീസിന്റെ പിടിയിലാകുന്നുണ്ടെങ്കിലും നിരവധി പേർ പോലീസിനെ കണ്ണുവെട്ടിച്ച് പ്രവർത്തിക്കുന്നുണ്ട്. വ്യാജവും നിയമവിരുദ്ധമായ ജോലികൾ വാഗ്ദാനം ചെയ്ത് തൊഴിലന്വേഷകരിൽനിന്ന് വൻ തുകകൾ ആണ് ഇവർ പലപ്പോഴും ഈടാക്കുന്നത്.
ടെക്സ്റ്റ് മെസേജുകൾ അല്ലെങ്കിൽ സോഷ്യൽ മീഡിയകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ് എന്നിവ വഴിയാകും ഇവർ പരസ്യം നൽകുന്നത്. കൃത്യമായ ഓഫീസ് അല്ലെങ്കിൽ വിലാസം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പരാതിയിൽ നടപടി സ്വീകരിക്കാനും സാധിക്കില്ല. നിരവധി പേരാണ് ഇത്തരത്തിൽ തൊഴിൽ അന്വേഷിച്ച് ഇവരുടെ വലയിൽ അകപ്പെടുന്നത്.
യൂറോപ്യൻ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ, കാനഡ, ലാവോസ്, മറ്റു അറബ് രാജ്യങ്ങൾ എന്നിവയിൽ എല്ലാം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ഹൾ വ്യാപകമായിരിക്കുകയാണ്. വീട്ടുജോലിക്കെന്ന വ്യാജേന സ്ത്രീകളെ എത്തിച്ചശേഷം മറ്റു പല ജോലികളും ചെയ്യിപ്പിക്കുന്ന പരാതികൾ ഉയർന്നു വന്നിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിർദേശം പുറത്തിറക്കിയിരിക്കുന്നത്.
തൊഴിലന്വേഷകർ വിദേശ രാജ്യങ്ങളിലേക്ക് പുറപ്പെടുമ്പോൾ തൊഴിൽ കരാർ പരിശോധിക്കണമെന്ന് മുന്നറിയിപ്പ് നൽകി. വിദേശ തൊഴിലുടമ, റിക്രൂട്ട്മെന്റ് ഏജന്റ്, എമിഗ്രന്റ് വർക്കർ എന്നിവർ ഒപ്പിട്ട തൊഴിൽ കരാറിനു മാത്രമേ സാധുതയുള്ളു. ഇതെല്ലാം പോകുന്നവർ പരിശോധിക്കണം. കൂടാതെ തൊഴിൽ കരാറിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം. ഇതൊല്ലം നൽകിയാണ് പുതിയ തട്ടിപ്പ് രീതി എത്തിയിരിക്കുന്നത്. എന്നാൽ എല്ലാ തരത്തിലും ഒരു ജാഗ്രത നിർദേശം കാത്തുസൂക്ഷിക്കുന്നത് നല്ലതാണ്.
രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാർ ഇന്ത്യൻ ഗവൺമെന്റ് കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ തൊഴിലന്വേഷകരെ ചേർക്കണം. ഇത്തരത്തിൽ ചേർക്കുന്നത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യം ആണ്. മരണപ്പെട്ടാൽ 10 ലക്ഷവും ജോലി സംബന്ധമായ പരിക്കുകൾക്കും ചികിത്സയും മറ്റു അനൂകൂല്യങ്ങളും നൽകണം.