മോഹൻലാൽ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. സിനിമയിൽ നടൻ ഹരീഷ് പേരടിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയിലെ മോഹൻലാലിനൊപ്പമുള്ള അനുഭവം ഹരീഷ് പേരടി പങ്കുവെച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും മോഹന്‍ലാല്‍. അനാവശ്യമായ ഉപദേശങ്ങളും അനുഭവങ്ങളുടെ വീമ്പിളക്കലുകളുമില്ല. പകരം ചുറ്റുമുള്ളവർക്ക് ആത്മവിശ്വാസം പകരുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന് ഹരീഷ് പേരടി പറയുന്നു.
‘കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്. മനോഹര മുഹൂർത്തങ്ങളാണ്. അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും. അനാവശ്യ ഉപദേശങ്ങളില്ല, അനുഭവങ്ങളുടെ വീമ്പിളക്കമില്ല, ഇങ്ങനെ പോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല, ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല. പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും. പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും. നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും.. നമ്മെ ഒരുപാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന്… മോഹൻലാൽ സാർ… പ്രിയപ്പെട്ട ലാലേട്ടൻ,’ ഹരീഷ് പേരടി കുറിച്ചു.
ജനുവരി 25നാണ് ആഗോളതലത്തിൽ ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററിൽ എത്തുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ഹരീഷ് പേരടി ഉൾപ്പെടെയുള്ള മറ്റു താരങ്ങളെയും ഗംഭീര മേക്കോവറിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175ൽപരം സ്‌ക്രീനുകളിലാണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. റിപബ്ലിക് ദിനമായ റിലീസ് ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസവും അവധി ദിവസങ്ങളാണ്. അതുകൊണ്ടുതന്നെ ഹൈപ്പിനൊത്ത് സിനിമ പ്രതികരണങ്ങൾ നേടിയാൽ കേരള ബോക്സ് ഓഫീസിൽ മോഹൻലാലിന്റെ അടുത്ത വിസ്മയമാകും വാലിബൻ എന്നാണ് വിലയിരുത്തൽ.