Gulf

ഗസയിലെ ക്രൂരമായ ബോംബാക്രമണത്തില്‍ ലോകരാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഖത്തര്‍ അമീര്‍

Published

on

ദോഹ: ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തില്‍ ലോകരാജ്യങ്ങളുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഖത്തര്‍ അമീര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ഗസ മുനമ്പില്‍ ഉപരോധമേര്‍പ്പെടുത്തിയ ശേഷം നിരുപാധികമായി കൊലചെയ്യുന്നതിന് ഇസ്രായേല്‍ സൈന്യത്തിന് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി കാണിക്കരുതെന്നും ഖത്തര്‍ ശൂറ കൗണ്‍സിലിന്റെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവെ ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.

ഇരുവശത്തും നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള അക്രമത്തെ അപലപിച്ച അമീര്‍, ഇരട്ടത്താപ്പ് സ്വീകരിക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ കുറ്റപ്പെടുത്തി. പലസ്തീന്‍ കുട്ടികളുടെ ജീവന്‍ കണക്കാക്കാന്‍ യോഗ്യമല്ലെന്ന മട്ടില്‍ ആഗോള സമൂഹം മൗനം പാലിക്കരുത്. പലസ്തീനികള്‍ മുഖമില്ലാത്തവരോ പേരില്ലാത്തവരോ ആണെന്ന വിധത്തിലാണ് പെരുമാറുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അവഗണിക്കുകയാണ് ലോകം.

അന്താരാഷ്ട്ര നിയമങ്ങള്‍ ഉള്‍പ്പെടെ എല്ലാ മൂല്യങ്ങളും മര്യാദകളും ചവിട്ടിമെതിക്കുന്നതുള്‍പ്പെടെ വളരെ അപകടകരമായ കാര്യങ്ങളാണ് ഗസയില്‍ നടക്കുന്നത്. പലസ്തീനികളുടെ കുടിയൊഴിപ്പിക്കല്‍ പോലെയുള്ള നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങള്‍ ഇസ്രായേല്‍ പരസ്യമായി പ്രഖ്യാപിക്കുന്നു. മതി മതി എന്നാണ് ഞങ്ങള്‍ പറയുന്നത്. ഇക്കാലത്ത് ഒരു ജനതക്ക് വെള്ളവും മരുന്നും ഭക്ഷണവും വൈദ്യുതിയും നിഷേധിക്കുന്നത് അനുവദിക്കാനാവില്ല-ഖത്തര്‍ അമീര്‍ പറഞ്ഞു.

ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രായേലിനെ നിയന്ത്രിക്കണം. ഇസ്രായേലിന്റെ അധിനിവേശവും കുടിയേറ്റവും ഉപരോധവും ലോകം ഇനിയും അവഗണിക്കരുത്. ഇസ്രായേല്‍- ഹമാസ് സംഘര്‍ഷം മേഖലയുടെ സുരക്ഷക്കും ലോകത്തിനു തന്നെയും വെല്ലുവിളിയാണ്. ഞങ്ങള്‍ സമാധാനത്തിന്റെ വക്താക്കളാണ്. യു.എന്‍ പ്രമേയങ്ങളും അറബ് സമാധാന പദ്ധതിയും ഞങ്ങള്‍ മുറുകെ പിടിക്കുന്നു.

നിരപരാധികളെ കൊല്ലാന്‍ ഇസ്രായേലിന് നിരുപാധിക ഗ്രീന്‍ സിഗ്നലും സ്വതന്ത്ര ലൈസന്‍സും നല്‍കുന്നത് അസാധ്യമാണ്. അധിനിവേശവും ഉപരോധവും കുടിയേറ്റവും അവഗണിക്കുന്നത് തുടരാന്‍ കഴിയില്ലെന്നും ഷെയ്ഖ് തമീം പറഞ്ഞു.

തെക്കന്‍ ഇസ്രായേലില്‍ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയ ശേഷമാണ് ഗാസയില്‍ ഇസ്രായേല്‍ വിനാശകരമായ വ്യോമാക്രമണം കടുപ്പിച്ചത്. രണ്ടാഴ്ചയിലേറെയായി യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് തമീമിന്റെ ഏറ്റവും പുതിയ അഭിപ്രായങ്ങള്‍ പുറത്തുവരുന്നത്. ഹമാസ് ആക്രമണത്തില്‍ 1,400ലധികം പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ കൂടുതലും സാധാരണക്കാരാണ്. നിരവധി ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടു.

ഇസ്രായേലിന്റെ നിരന്തര ബോംബാക്രമണത്തില്‍ 5,000ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 40 ശതമാനവും കുട്ടികളാണ്. ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിതരണം വെട്ടിക്കുറച്ച് ഗാസയില്‍ ഇസ്രായേല്‍ സമ്പൂര്‍ണമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയെത്തുടര്‍ന്ന് ഹമാസ് ബന്ദികളാക്കിയ ഏതാനും പേരെ തിങ്കളാഴ്ച വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version