Gulf

പണംപിടുങ്ങിയ പ്രവാസി ഒടുവില്‍ വലയില്‍; വ്യാജ ഇവന്റ് ടിക്കറ്റുകള്‍ നല്‍കി കബളിപ്പിച്ചത് നിരവധി പേരെ

Published

on

കുവൈറ്റ് സിറ്റി: വ്യാജ ഇവന്റ് ടിക്കറ്റുകള്‍ നല്‍കി പണംതട്ടിയിരുന്ന പ്രവാസി ഒടുവില്‍ കുവൈറ്റില്‍ പിടിയിലായി. സോഷ്യല്‍ മീഡിയ വഴി വന്‍ തട്ടിപ്പ് നടത്തി വന്ന അറബ് പ്രവാസിയാണ് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റിന്റെ വലയിലായത്.

സംഗീതപരിപാടികളുടെ ടിക്കറ്റുകള്‍ വില്‍ക്കാനുണ്ടെന്ന് അറിയിച്ച് ബാങ്ക് ലിങ്കുകള്‍ അയച്ചുകൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വാണിജ്യ അക്കൗണ്ടുകള്‍ വഴിയാണ് വ്യാജ ടിക്കറ്റ് വില്‍പ്പന നടത്തിയിരുന്നത്.

പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കുവൈറ്റ് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ആണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാജ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറുകളാണ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഉപയോഗപ്പെടുത്തി.

നിരവധി പേരെ പ്രതികള്‍ കബളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് സംഘം വിശദമായ അന്വേഷണം നടത്തിയ ശേഷം പ്രതികളെ പിടിക്കാന്‍ പദ്ധതി തയ്യാറാക്കി. കൃത്യമായി ആസൂത്രണം ചെയ്ത ഓപറേഷനിലൂടെ പ്രതി വലയിലാവുകയും ചെയ്തു. പരിശോധനയില്‍ 75ലധികം മൊബൈല്‍ ഫോണ്‍ ലൈനുകളും വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്ന അഞ്ച് ഉപകരണങ്ങളും അധികൃതര്‍ കണ്ടെത്തി.

വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അജ്ഞാതരായ വില്‍പ്പനക്കാര്‍ക്ക് നല്‍കരുത്. ഇവ പണം തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഒടിപി നമ്പറുകള്‍, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.

‘ഇവന്റ് ടിക്കറ്റുകള്‍ കുറഞ്ഞ വിലയ്ക്ക്’ ലഭ്യമാണെന്ന് അറിയിച്ച് പണംതട്ടാന്‍ ശ്രമം നടക്കുന്നതായി അടുത്തിടെ അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വഞ്ചനാപരമായ സ്‌കീമുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് (എഡിജെഡി) നടത്തിയ പ്രസ്താവന. വിലകുറച്ച് നല്‍കുന്ന ടിക്കറ്റ് ഓഫറുകള്‍ സ്വീകരിക്കുന്നതിന് മുമ്പ് പരിശോധിച്ച് വിശ്വാസ്യത ഉറപ്പാക്കണം. വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അജ്ഞാതരായ വില്‍പ്പനക്കാര്‍ക്ക് നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ സൈബര്‍ തട്ടിപ്പുകള്‍ അടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ചിലകേസുകള്‍ പ്രതികളെ കണ്ടെത്താനാവാത്ത വിധം സങ്കീര്‍ണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രശസ്ത സ്ഥാപനങ്ങളുടെ പേരുകളില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചും പ്രമുഖ കമ്പനികളുടെ ഭക്ഷണങ്ങളും മറ്റ് ഉപഭോക്തൃ വസ്തുക്കളും വമ്പിച്ച ഓഫര്‍ നിരക്കില്‍ ഹോം ഡെലിവെറിയില്‍ ലഭ്യമാണെന്ന് സന്ദേശങ്ങള്‍ അയച്ചും ആളുകളെ കബളിപ്പിക്കുകയാണ്. ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ പണംതട്ടിയ ശേഷം അപ്രത്യക്ഷമാവുകയാണ് തട്ടിപ്പുകാരുടെ രീതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version