Gulf

മനുഷ്യക്കടത്തിന് ഇരയായി ഒമാനില്‍ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരിക്ക് അഭയം നല്‍കി എംബസി

Published

on

മസ്‌കറ്റ്: വീട്ടുജോലിക്കായി ദുബായിലേക്ക് വിസിറ്റ് വിസയില്‍ എത്തിച്ച ശേഷം വിസ ഏജന്റ് ഒമാനിലേക്ക് കടത്തിയതോടെ ദുരിതത്തിലായ ഇന്ത്യക്കാരിക്ക് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി അഭയം നല്‍കി. യാത്രാരേഖകള്‍ ശരിയാക്കി ഇവരെ നാട്ടിലയക്കാനുള്ള ശ്രമം തുടങ്ങിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഹൈദരാബാദിലെ ഗോല്‍കൊണ്ടയിലെ ജമാലി കുന്ത സ്വദേശിയായ ഫരീദ ബീഗം (49) ആണ് ഒമാനില്‍ കുടുങ്ങിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ചപ്പോള്‍ നഷ്ടപരിഹാരമായി 2.5 ലക്ഷം രൂപ സ്‌പോണ്‍സര്‍ ആവശ്യപ്പെടുകയാണെന്ന് ഫരീദ ബീഗത്തിന്റെ സഹോദരി ഫഹ്‌മീദ ബീഗം ആരോപിച്ചിരുന്നു. ജീവന്‍ രക്ഷിച്ച് നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിക്ക് പരാതി നല്‍കുയും ചെയ്തിരുന്നു.

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചര്‍മേഷ് ശര്‍മ ജനുവരി 7ന് പ്രസിഡന്റ്, വിദേശകാര്യ മന്ത്രി, ഒമാനിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് ഫരീദ ബീഗത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി നിവേദനം അയക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഫഹ്‌മീദ ബീഗം സഹോദരിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ പിടിഐ പുറത്തുവിടുകയുണ്ടായി.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഫരീദ ബീഗം വിസ ഏജന്റായ ഷഹനാസ് എന്ന വനിത മുഖേന ജോലിക്കായി ദുബായിലേക്ക് പോയത്. 21 ദിവസത്തിന് ശേഷം അവിടെ വെച്ച് അവര്‍ രോഗബാധിതയായി. ജോലിതുടരാനാവാത്തതിനാല്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ദുബായില്‍ നിന്ന് മസ്‌കറ്റിലേക്ക് ജോലിക്കായി കയറ്റിഅയക്കുകയായിരുന്നു. ഒമാനിലെത്തിച്ച് മറ്റൊരു തൊഴിലുടമയക്ക് മറിച്ചുവിറ്റുവെന്നാണ് പറയപ്പെടുന്നത്.

പരാതി ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടതായും എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ പ്രദീപ് കുമാര്‍ ബുധനാഴ്ച പ്രതികരിച്ചതായും ശര്‍മ പറഞ്ഞു. ജനുവരി എട്ടിന് ഫരീദ മസ്‌കത്തിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിക്കുകയും എംബസി ഷെല്‍ട്ടറില്‍ താമസ സൗകര്യം ഒരുക്കുകയും ചെയ്തു. എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനായി പ്രാദേശിക അധികാരികളുമായി എംബസി ബന്ധപ്പെട്ടുവരികയാണെന്നും ശര്‍മ അറിയിച്ചു.

ജോലിയില്‍ തൃപ്തിയില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്ന വ്യവസ്ഥയിലാണ് ഇവരെ ദുബായിലേക്ക് കൊണ്ടുപോയത്. അറബ് വീട്ടില്‍ വേലക്കാരിയായി ജോലി ചെയ്യുന്നതിന് 1,400 ദിര്‍ഹം (31,726 രൂപ) ശമ്പളവും സൗജന്യ താമസവും ഭക്ഷണവും ആയിരുന്നു വാഗ്ദാനം. ഒരു മാസത്തോളം ജോലി ചെയ്തപ്പോള്‍ അസുഖബാധിതയായി മടങ്ങണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഒമാനിലേക്ക് അയച്ചത്. ഇവിടെ വച്ച് അസുഖം മൂര്‍ച്ഛിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

വീട്ടുജോലിക്കെത്തി ഒമാനില്‍ ദുരിതത്തിലായ ഹൈദരാബാദില്‍ നിന്ന് തന്നെയുള്ള 29കാരിയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് പരാതി നല്‍കിയ സംഭവവും ഏതാനും ദിവസം മുമ്പ് പുറത്തുവന്നിരുന്നു. ഹൈദരാബാദില്‍ നിന്നുള്ള വിസ ഏജന്റ് വഴിയാണ് ഇവരും ഒമാനിലെത്തിയത്. സ്‌പോണ്‍സറുടെ സഹോദരന്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഇപ്പോള്‍ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ രേഖകളില്ലാതെ തെരുവില്‍ കഴിയുകയാണെന്നും മാതാവ് പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version