ദുബായ്: നൂതന സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതില്‍ ദുബായ് ഭരണകൂടം കാണിക്കുന്ന ഔത്സുക്യം കേളികേട്ടതാണ്. അംബരചുംബികളായ രമ്യഹര്‍മങ്ങളും അത്യാഡംബര ജീവിത സൗകര്യങ്ങളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ദുബായ് നഗരം കാലോചിത പരിഷ്‌കാരങ്ങള്‍ കൊണ്ടുകൂടിയാണ് പുതുചരിതമെഴുതിയത്. നൂതന സംവിധാനങ്ങളും സങ്കേതങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന ദുബായില്‍ നിന്ന് അത്തരമൊരു വാര്‍ത്ത കൂടി. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.
ലോകത്തിലെ ആദ്യത്തെ സുസ്ഥിര മൊബൈല്‍ ഫ്‌ലോട്ടിങ് ഫയര്‍ സ്റ്റേഷന്‍ ആണ് ദുബായ് സിവില്‍ ഡിഫന്‍സ് തുറന്നത്. പരമ്പരാഗത മറൈന്‍ ഫയര്‍ സ്റ്റേഷനുകളേക്കാള്‍ 70% ചെലവ് കുറഞ്ഞതാണ് ഫ്‌ലോട്ടിങ് ഘടന. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേവനങ്ങള്‍ നിരന്തരം മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സംരംഭമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
കടലില്‍ ഒഴുകുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളും സജ്ജമാക്കിയ സംവിധാനങ്ങളും അനാവരണം ചെയ്യുന്ന മനോഹരമായ ഡെമോണ്‍സ്‌ട്രേഷന്‍ വീഡിയോ ദുബായ് മീഡിയ ഓഫിസ് എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടില്‍ പങ്കിട്ടു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിലും ഏറ്റവും കാര്യക്ഷമമായും പ്രതികരിക്കാന്‍ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് കഴിയുന്നു എന്നതാണ് പ്രധാന സവിശേഷത.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ സേനാംഗങ്ങള്‍ സദാ ജാഗരൂകരായിരിക്കും. സ്പീഡ് ബോട്ടുകളില്‍ കുതിച്ചെത്തുന്ന സേനാംഗങ്ങള്‍ അടിയന്തര സാഹചര്യങ്ങളിലെല്ലാം സേവനങ്ങള്‍ നല്‍കും. മൊബൈല്‍ ഫ്‌ലോട്ടിങ് ഫയര്‍ സ്റ്റേഷന്റെ വിന്യാസം സുരക്ഷയിലും സമാധാനത്തിലും ആഗോളതലത്തില്‍ മുന്നേറുന്ന രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നുവെന്ന് ദുബായ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വിദഗ്ധന്‍ റാഷിദ് താനി അല്‍ മത്രൂഷി പറഞ്ഞു.
മറൈന്‍ അഗ്‌നിശമന ശേഷി വര്‍ധിപ്പിക്കാന്‍ ഈ സ്റ്റേഷന്റെ ഉദ്ഘാടനത്തിലൂടെ സാധിച്ചുവെന്നും നാലു മിനിറ്റിനുള്ളില്‍ ഏത് ഭാഗത്തും രക്ഷാദൗത്യം ആരംഭിക്കാന്‍ ഫ്‌ലോട്ടിങ് ഫയര്‍ സ്റ്റേഷന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
16 സേനാംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഈ കെട്ടിടം പരിസ്ഥിതി സൗഹൃദ രൂപകല്പനയാല്‍ വേറിട്ടുനില്‍ക്കുന്നു. കരഭൂമി ആവശ്യമില്ലാതെ ഫയര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഒഴുകുന്ന കെട്ടിടം മണിക്കൂറില്‍ 11 മൈല്‍ വേഗതയില്‍ സഞ്ചരിക്കും. സമുദ്ര വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും പ്രധാന കേന്ദ്രമായി ദുബായ് വളര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സുരക്ഷാ നവീകരണത്തിനും മികവുറ്റ സേവനത്തിനും എമിറേറ്റിന്റെ നേതൃത്വം മുന്തിയ പരിഗണന നല്‍കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.