ജിദ്ദ: മരണപ്പെട്ട സൗദി പൗരന്റെ കുടുംബത്തെ കാണാന്‍ ഇന്ത്യയില്‍ നിന്ന് മക്കളെത്തിയത് അറബ് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായി. സൗദി പൗരന്‍ രഹസ്യവിവാഹം ചെയ്ത ഇന്ത്യക്കാരിയുടെ മക്കളാണിവര്‍. സന്ദര്‍ശകരെ സൗദിയിലെ കുടുംബം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വൈറലായി.
ഇന്ത്യയില്‍ നിന്ന് രഹസ്യ വിവാഹം കഴിച്ച സഊദി പൗരന് ഇന്ത്യക്കാരിയായ ഭാര്യയില്‍ പിറന്ന മക്കള്‍ പിതാവിന്റെ ആദ്യ വിവാഹത്തിലെ മക്കളായ തങ്ങളുടെ അര്‍ധ സഹോദരങ്ങളെ കാണാന്‍ സൗദിയില്‍ പിതാവിന്റെ വീട്ടിലെത്തുകയായിരുന്നു.
സൗദി പൗരന്‍ മരിച്ചശേഷം മാത്രമാണ് അദ്ദേഹം ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ചിരുന്നതായും ഈ ബന്ധത്തില്‍ മക്കളുള്ളതായും സൗദിയിലെ ഭാര്യയും മക്കളും അറിഞ്ഞിരുന്നത്. ഇന്ത്യക്കാരായ സഹോദരങ്ങളെ കുടുംബ വീട്ടില്‍ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സൗദി യുവാവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
”എന്റെ ഉപ്പ ഇന്ത്യക്കാരിയെ വിവാഹം ചെയ്തിരുന്നു. ഇവര്‍ എന്റെ സഹോദരങ്ങളാണ്. ഞങ്ങളെ സന്ദര്‍ശിക്കാനാണ് ഇവര്‍ ഇന്ത്യയില്‍ നിന്ന് വന്നത്. ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് കാപ്പി നല്‍കുകയും പരസ്പരം പരിചയപ്പെടുകയുമാണ്”- എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സൗദി യുവാവ് പറഞ്ഞു. ഉപ്പ ഇന്ത്യയില്‍ നിന്ന് വിവാഹം കഴിച്ചതും ആ ബന്ധത്തില്‍ വലിയ മക്കളുള്ളതും അറിഞ്ഞത് ഉമ്മാക്ക് ഞെട്ടലും ആശ്ചര്യവുമായെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. സൗദി പൗരന്റെ ആദ്യ ഭാര്യ അതിഥികള്‍ക്കൊപ്പം ഇരുന്ന് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.