Gulf

മുഖ്യമന്ത്രിക്കും അഞ്ചു മന്ത്രിമാര്‍ക്കും റിയാദ്, ദമാം, ജിദ്ദ നഗരങ്ങളില്‍ വന്‍ സ്വീകരണം നല്‍കിയേക്കും

Published

on

ജിദ്ദ: അടുത്ത മാസം സൗദി അറേബ്യയില്‍ നടക്കുന്ന ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു മന്ത്രിമാര്‍ക്കും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗംഭീര സ്വീകരണം നല്‍കാന്‍ ഇടത് അനുകൂല പ്രവാസി സംഘടനകള്‍ തയ്യാറെടുക്കുന്നു. റിയാദ്, ദമാം, ജിദ്ദ നഗരങ്ങളിലാണ് മേഖലാ സമ്മേളന പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 19ന് റിയാദിലാണ് ലോക കേരള സഭ സമ്മേൡക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരുമാണ് സൗദിലെത്തുക. റിയാദിലെ സമ്മേളനത്തിനു ശേഷം 20ന് ദമാം, 21ന് ജിദ്ദ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയും സംഘവും എത്തും. സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലുടന്‍ സ്വീകരണ പരിപാടികളുടെ ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, കെ രാജന്‍, വീണാ ജോര്‍ജ്, വി അബ്ദുറഹ്മാന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സൗദിയിലെത്തുക. ജിദ്ദയില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ സ്വീകരണമൊരുക്കാനാണ് ഉദ്ദേശിക്കുന്നത്. വിവിധ സംഘടനാ നേതാക്കളെ ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റികള്‍ മൂന്ന് നഗരങ്ങളിലും ഉടനെ രൂപീകരിക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

സൗദിയിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. ലോകകേരള സഭയില്‍ പങ്കെടുക്കാന്‍ സൗദിയിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി പരസ്യമായി അറിയിക്കുകയും ചെയ്തിരുന്നു. ലോകകേരള സഭയ്ക്കും സ്വീകരണ സമ്മേളനങ്ങള്‍ക്കും പുറമേ പ്രവാസി ബിസിനസ് മീറ്റ് നടത്താനും പരിപാടിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version