Gulf

എട്ട് വര്‍ഷം മുമ്പ് സ്‌പോര്‍ണ്‍സര്‍ നല്‍കിയ കേസ്; ഉംറക്കെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി

Published

on

ജിദ്ദ: എട്ട് വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ ജോലിചെയ്തിരുന്ന കാലത്ത് തൊഴിലുടമ നല്‍കിയ കേസ് നിലനില്‍ക്കവെ വീണ്ടും സൗദിയിലെത്തി പിടിയിലായ ഇന്ത്യക്കാരന്‍ നാട്ടിലേക്ക് മടങ്ങി. ഹൈദരബാദ് സ്വദേശി ഗൗസം ഖാന്‍ ആണ് ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ജോലി ചെയ്ത സമയത്ത് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സ്‌പോണ്‍സറുമായി തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് സ്‌പോണ്‍സര്‍ കേസ് നല്‍കുകയായിരുന്നു. സ്‌പോണ്‍സറുമായി വാക്കേറ്റമുണ്ടായതോടെ കേസ് നല്‍കിയെന്നാണ് പറയപ്പെടുന്നത്.

കുടുംബത്തോടൊപ്പം ഉംറക്കെത്തിയ സമയത്താണ് ഗൗസം ഖാന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെടുന്നത്. ജിദ്ദ വിമാനത്താവളത്തില്‍ എമിഗ്രേഷന്റെ പരിശോധനയ്ക്കിടെയാണ് കേസുള്ളതായി കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇദ്ദേഹത്തെ ദമാം അല്‍ഖോബാറിലെ പോലീസ് സ്റ്റേഷനിലെത്തിച്ചു. കേസ രേഖകള്‍ പരിശോധിച്ച ശേഷം ജയിലിലേക്ക് മാറ്റുകയും ചെയ്തു.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇവിടെയുള്ള സാമൂഹിക പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയും അന്നത്തെ സ്‌പോണ്‍സറെ കണ്ടെത്തി സംസാരിക്കുകയും ചെയ്തു. സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് 28 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഗൗസം ഖാന്‍ മോചിതനായി. കേസ് നടപടികള്‍ പൂര്‍ത്തിയായതോടെ ബന്ധുക്കള്‍ എടുത്ത് നല്‍കിയ വിമാനടിക്കറ്റില്‍ ഇന്നലെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു.

വിമാനത്താവളത്തില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനാലും ആഭ്യന്തര-തൊഴില്‍ മന്ത്രാലയ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്തതിനാലും കേസുകളോ നിയമമലംഘനങ്ങളോ മുമ്പ് ചുമത്തപ്പെട്ടിട്ടുണ്ടെങ്കില്‍ എമിഗ്രേഷന്‍ സമയത്ത് കണ്ടെത്താനാവും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version