അബുദാബി: 10 വര്‍ഷത്തോളമായി നാട്ടില്‍ വരാത്ത മകനെ തേടി യുഎഇയിലെത്തിയ വൃദ്ധ മാതാപിതാക്കളുടെ ഹൃദയംനുറുങ്ങുന്ന വേദനയുടെ അനുഭവം പങ്കുവച്ച് പ്രമുഖ മലയാളി സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. മാതാപിതാക്കള്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പ് ഹൃദയാഘാതം മൂലം പ്രവാസി മലയാളിയായ മകന് താമസസ്ഥലത്ത് മരിച്ചിരുന്നു. അവസാനം ചേതനയറ്റ ശരീരം ഏറ്റുവാങ്ങി മാതാപിതാക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയത് കണ്ണീര്കാഴ്ചയായെന്ന് ആയിരക്കണക്കിന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ സഹായിച്ച അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
യുഎഇയിലെത്തിയ മാതാപിതാക്കള്‍ക്ക് നാലു ദിവസത്തിന് ശേഷമാണ് മകന്റെ താമസസ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. താമസസ്ഥലത്ത് എത്തിയപ്പോഴും മകനെ കാണാന്‍ കഴിഞ്ഞില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇദ്ദേഹം മരണപ്പെട്ടിരുന്നു. ഒറ്റയ്ക്ക് മുറിയില്‍ താമസിച്ചിരുന്നതിനാല്‍ മരണവിവരം ദിവസങ്ങള്‍ക്കു ശേഷമാണ് മറ്റുള്ളവര്‍ അറിഞ്ഞത്.
പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ മകനെ തേടി അവിടെയെത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ വച്ച് ഏറെ സാഹസപ്പെട്ടാണ് മകന്റെ താമസസ്ഥലം മാതാപിതാക്കള്‍ക്ക് കണ്ടുപിടിക്കാനായത്. പല തവണ ആവശ്യപ്പെട്ടിട്ടും നാട്ടിലേക്ക് വരാന്‍ മകന് തയ്യാറായിരുന്നില്ല. മാസങ്ങളോളമായി മകനുമായി ബന്ധപ്പെടാന്‍ കഴിയാത്തിനെ തുടര്‍ന്ന് ആശങ്കയിലായ മാതാപിതാക്കള്‍ നേരില്‍ കണ്ട് കൂട്ടിക്കൊണ്ടുപോവാന്‍ എത്തിയതായിരുന്നു. പലരെയും സമീപിച്ചാണ് താമസസ്ഥലം കണ്ടുപിടിച്ചത്.
മൃതദേഹം മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നേരിട്ടെത്തി തിരിച്ചറിയുകയും ചെയ്തു. കൈകാര്യം ചെയ്ത ഏറ്റവും ഹൃദയഭേദകമായ കേസുകളില്‍ ഒന്നായിരുന്നു അതെന്ന് അഷ്റഫ് കുറിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞതിനെത്തുടര്‍ന്ന് ഇയാള്‍ക്ക് ജന്മനാട്ടില് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിരുന്നതായി അദ്ദേഹം സൂചിപ്പിച്ചു. ഇതിനു ശേഷം യുഎഇയില്‍ തിരിച്ചെത്തിയ ശേഷം നാട്ടിലേക്ക് മടങ്ങിയിട്ടില്ല.
കുടുംബബന്ധങ്ങളില്‍ വലിയ വിടവ് വന്നിരുന്നുവെന്നും എന്ത് തന്നെയായാലും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടവര്‍ മുഖംതിരിഞ്ഞു നില്ക്കുന്ന അവസ്ഥ ഇന്ന് ഏറി വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെ പ്രതീക്ഷയോടെ വന്നിറങ്ങി നിരാശരായി മടങ്ങുന്ന ആ വൃദ്ധ ദമ്പതികളുടെ ദയനീയ മുഖം മനസ്സില്‍ നിന്നു മായുന്നില്ല. എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായാലും സ്വന്തം മാതാപിതാക്കളുടെ സന്തോഷങ്ങളും അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തിയാല്‍ നമ്മുടെ ജീവിതം ദുരിതപൂര്‍ണമാകും. നിരാശയോടെ മടങ്ങിയ ആ മാതാപിതാക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ജീവിത സായാഹ്നത്തില്‍ കാര്‍മേഘങ്ങള്‍ മാറി അവര്‍ക്ക് എന്നും നന്മകള് ഉണ്ടായിരിക്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അഷ്റഫ് കുറിച്ചു.