റിയാദ്: ആഗസ്റ്റ് അഞ്ചിന് സഊദിയില്‍ ഹൃദയാഘാതം മൂലം മരിച്ച മലയാളി ഫിസിയോതെറാപ്പിസ്റ്റ് പിസി അബ്ദുല്‍ റഷീദിന്റെ മൃതദേഹം ഖബറടക്കി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി സൗദിയിലെ അറാറിലാണ് മറവുചെയ്തത്. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി സ്വദേശിയാണ്.
ജോലിസ്ഥലത്ത് ഉറക്കത്തിനിടെ മരിച്ചതിനാല്‍ പൊലീസ്, ഫോറന്‍സിക് പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് മറവുചെയ്യാനുള്ള അനുമതിപത്രം ലഭിച്ചത്. അറാര്‍ ഒഗീലയില്‍ മസാജ് സെന്ററില്‍ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു ഇദ്ദേഹം. 10 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയായ അബ്ദുല്‍ റഷീദ് ഒന്നര വര്‍ഷം മുമ്പാണ് ഒഗീലയില്‍ ജോലിക്ക് എത്തിയത്.
കുടുംബത്തിന്റെ താല്‍പര്യപ്രകാരമാണ് അറാര്‍-റഫ്ഹ റോഡിലെ ഒഗീലയില്‍ ഖബറടക്കിയത്. ഇതിനായി കുടുംബം ഒഗീലയിലെ അരീക്കോട് സ്വദേശി ഷഫീഖിന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കുകയും റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതിപത്രം തരപ്പെടുത്തുകയും ചെയ്തു.
അബ്ദുല്‍ റഷീദിന്റെ സ്‌പോണ്‍സറും ആവശ്യമായ സഹായങ്ങളുമായി കൂടെനിന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദയില്‍ നിന്ന് മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അറാര്‍ കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവരും സഹായങ്ങള്‍ നല്‍കി.