ഇസ്ലാമബാദ്: ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്ന ഓസ്ട്രേലിയൻ പരമ്പരയിൽ ടീമിൽ ഉൾപ്പെടുത്താത്തതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പാകിസ്താൻ പേസർ ഹാരിസ് റൗഫിനോട് പലരും നിര്‍ബന്ധിച്ചതായി റിപ്പോർട്ട്. പാകിസ്താൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ് റൗഫിനോട് ക്രിക്കറ്റ് മതിയാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ താരം ഇതിനോട് വിയോജിക്കുകയായിരുന്നു.
ചീഫ് സെലക്ടർ വഹാബ് റിയാസ്, ടീം ഡയറക്ടർ മുഹമ്മദ് ഹഫീസ് എന്നിവർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് റൗഫിനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയത്. ടെസ്റ്റ് മത്സരങ്ങളിൽ റൗഫിനെ ടീമിലെടുക്കുമെന്ന് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ തുടർച്ചയായ മത്സരങ്ങളെ തുടർന്ന് ടീമിന് പുറത്ത് നിൽക്കാനായിരുന്നു റൗഫിന് താൽപ്പര്യം. ഇക്കാര്യം ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നതിനിടെ മുൻ സിലക്ടർ മിക്കി ആർതറെ അറിയിച്ചു. എന്നാൽ ഓസ്ട്രേലിയൻ പരമ്പരയിൽ കളിക്കണമെന്നാണ് റൗഫിനോട് ആർതർ പറഞ്ഞത്.
2022 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ റൗഫ് 13 ഓവർ മാത്രമാണ് എറിഞ്ഞത്. 30കാരനായ താരത്തിന് തുടർച്ചയായി പരിക്കേൽക്കുന്നത് അമിത ജോലിഭാരം കൊണ്ടാണെന്ന് വിലയിരുത്തുന്നു. പാകിസ്താന് വേണ്ടി 37 ഏകദിനവും 64 ട്വന്റി 20യും ഒരു ടെസ്റ്റും കളിച്ച താരമാണ് ഹാരിസ് റൗഫ്.