കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തിലെത്തിയേക്കും. ഫെബ്രുവരി ആദ്യമാകും പ്രധാനമന്ത്രി കേരളത്തിലെത്തുക. നിർമാണം പൂർത്തിയായ ദേശീയപാത 66ലെ തലശ്ശേരി – മാഹി ബൈപാസ്, മുക്കോല – കാരോട് പാത എന്നിവയുടെ ഉദ്ഘാടനമാകും ഫെബ്രുവരിയിൽ നടക്കുക. പ്രധാനമന്ത്രിയുടെ തീയതിക്കായി രണ്ട് ഉദ്ഘാടനവും മാറ്റിവയ്ക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
തലശ്ശേരി – മാഹി ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ വടകരയിൽ നിന്നും തലശ്ശേരിയിലേക്ക് വെറും 15 മിനിറ്റ് മതിയെന്നാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.
ബാലത്തെ പാലത്തിന്‍റെയും അഴിയൂരിലെ റെയിൽവേ മേൽപ്പാലത്തിന്‍റെയും അവസാനവട്ട മിനുക്കുപണികളാണ് പുരോഗമിക്കുന്നത്. പുതിയ പാത തുറന്നുകിട്ടുന്നതോടെ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗത കരുക്കിന് പരിഹാരമാകും. ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബൈപാസ് തുറന്നുകൊടുക്കാൻ പോകുന്നത്.
ബൈപാസിലൂടെ യാത്ര ആരംഭിക്കുന്നതോടെ യാത്രാസമയം 15 മിനിറ്റായി കുറയും. മുഴപ്പിലങ്ങാട് മുതൽ ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണു ബൈപ്പാസ് കടന്നു പോകുന്നത്. 1300 കോടി രൂപ ചെലവിട്ട് 45 മീറ്റർ വീതിയിൽ നാലുവരി പാതയായാണു നിർമാണം.
ദേശീയപാത 66ന്‍റെ തന്നെ ഭാഗമായ കഴക്കൂട്ടം – കാരോട് ബൈപാസിൽ മുക്കോലമുതൽ തമിഴ്‌നാട് അതിർത്തി പങ്കിടുന്ന കാരോടുവരെയുള്ള റോഡും പ്രധാനമന്ത്രി തുറന്നുകൊടുക്കും. 16.05 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് സംസ്ഥാനത്തെ ആദ്യത്തെ നീളം കൂടിയ കോൺക്രീറ്റ് പാതയാണ്.
ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുകയാണെങ്കിൽ ഈ വർഷത്തെ മൂന്നാമത്തെ കേരള സന്ദർശനമാകും അത്. ഈ മാസം ആദ്യം മോദി തൃശൂരിൽ മഹിളാ മോർച്ചയുടെ പരിപാടിയിൽ പങ്കെടുക്കാൻ വന്നിരുന്നു. അടുത്തയാഴ്ച കൊച്ചിയിലേക്ക് മോദി എത്തുന്നുണ്ട്. ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലും കൊച്ചയിൽ വിവിധ പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.